
നാലുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള ബീഹാറിലാണ് ഇന്ത്യ മുന്നണിയുടെ പ്രധാനമുഖവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നോക്കവിഭാഗത്തിൽ പെട്ട വോട്ടർമാർ നിർണ്ണായകമായ സംസ്ഥാനമാണ് ബീഹാർ. രാഹുലിന്റെ പിന്നോക്കപ്രേമം പ്രസിദ്ധവുമാണ്. ഭരിക്കുന്നത് എൻ ഡി എയാണെങ്കിലും പ്രതിപക്ഷത്തിരിക്കുന്ന 'ഇന്ത്യ' ഈ സംസ്ഥാനത്ത് ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയത് ബിജെപിയാണെങ്കിലും, മുഖ്യമന്ത്രിസ്ഥാനം ആ പാർട്ടി ജെ ഡി യു നേതാവ് നിതീഷ്കുമാറിന് വിട്ടുകൊടുക്കുകയായിരുന്നു. 243 അംഗ നിയമസഭയിൽ എൻ ഡിഎയ്ക്ക് 130( ബിജെപി-79,ജെ ഡി യു- 45,മറ്റുകക്ഷികൾ-6)എംഎൽഎമാരാണുള്ളത്. 111 എം എൽ എമാരുള്ള ഇന്ത്യ മുന്നണിയിൽ 77 അംഗങ്ങളുള്ള ആർ ജെ ഡിയാണ് കരുത്തർ. കോൺഗ്രസിന് 19 സീറ്റുകളാണുള്ളത്. സി പി ഐ എം എൽ ആണ് 11 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്. രണ്ടുവീതം സീറ്റുമായി സിപി എം, സി പി ഐ കക്ഷികളും ഈ മുന്നണിയിലുണ്ട്. നിതീഷ് കുമാറിന്റെ പ്രതിഛായയ്ക്ക് പഴയ തിളക്കമില്ല എന്നത് വസ്തുതയാണ്. ബിജെപിയും പ്രതീക്ഷിച്ച വളർച്ച കൈവരിച്ചിട്ടില്ല എന്നുപറയാം. ആഞ്ഞുപിടിച്ച് കോൺഗ്രസിനെയും അതുവഴി 'ഇന്ത്യ'യെയും ശക്തിപ്പെടുത്തിയാൽ അധികാരം പിടിക്കാനാവുമെന്ന ആത്മവിശ്വാസം രാഹുൽഗാന്ധി കൊണ്ടുനടക്കുന്നുണ്ട്.കോൺഗ്രസിനെ പിന്നോക്കവിഭാഗങ്ങളുടെ മുഖമാക്കാനാണ് രാഹുൽ പരിശ്രമിക്കുന്നത്. കോൺഗ്രസിന്റെ ഏക പിന്നോക്കവിഭാഗ മുഖ്യമന്ത്രി കർണാടകത്തിലെ സിദ്ധരാമയ്യയാണ്. പിന്നോക്ക വിഭാഗ- ന്യൂനപക്ഷ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യുടെ കർണാടകത്തിലെ അനിഷേധ്യ നേതാവാണ് അദ്ദേഹം. സിദ്ധരാമയ്യയുടെ പിന്നോക്ക വിഭാഗസ്വാധീനവും പ്രതിഛായയും ബീഹാറിൽ ഉപയോഗപ്പെടുത്താനാണ് രാഹുൽ ആലോചിക്കുന്നത്. പാർട്ടിയുടെ ദേശീയ ഒ ബി സി അഡ്വൈസറി കൗൺസിലിൽ സിദ്ധരാമയ്യയെ ഉൾപ്പെടുത്തിയത് അതിന്റെ ഭാഗമായാണ്. ഈ മാസം പതിനഞ്ചിന് ദേശീയ ഒ ബി സി അഡ്വൈസറി കൗൺസിലിന്റെ ആദ്യയോഗം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ബംഗളുരുവിലാണ് നടക്കുന്നത്. രാഹുലിന്റെ ഉറച്ച പിന്തുണ ഉള്ളതിനാലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത്. സോണിയാഗാന്ധി, പ്രിയങ്ക, മല്ലികാർജ്ജുന ഖാർഗെ എന്നിവരിലൂടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചെലുത്തുന്ന സ്വാധീനം ഫലവത്താകാത്തത് രാഹുലിന്റെ ഉറച്ച നിലപാട് മൂലമാണ്. ഡൽഹിയിലുള്ള സിദ്ധരാമയ്യയും ശിവകുമാറും ഇന്ന് രാഹുൽഗാന്ധിയെ പ്രത്യേകം പ്രത്യേകം കാണുന്നുണ്ട്. എത്രതന്നെ സമ്മർദ്ദമുണ്ടായാലും സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ, ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഉടനെയൊന്നും രാഹുൽഗാന്ധി അനുവദിക്കാനിടയില്ല. ഒ ബി സി കൗൺസിൽ യോഗം കഴിയുന്നതോടെ സിദ്ധരാമയ്യ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്യും.
Photo Courtesy - Google











