
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർമാർ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു. വോട്ടർമാരുടെ വ്യാജഒപ്പിടുന്നതും ഉദ്യോഗസ്ഥരാണ്. ഇതിന്റെ വാർത്താദൃശ്യങ്ങളും രാഹുൽഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ബിഹാറിലെ മാധ്യമ പ്രവർത്തകൻ അജിത് അൻജും പകർത്തിയ ദൃശ്യങ്ങളാണ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചത്.
അജിത് അൻജും തൻറെ യുട്യൂബ് ചാനലിലൂടെയാണ് ഉദ്യോഗസ്ഥർ വോട്ടർപട്ടിക പരിഷ്കരണം അട്ടിമറിക്കുന്നു എന്ന വാർത്ത പുറത്ത് വിട്ടത്. വോട്ടർമാർ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥർ പൂരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനൊപ്പം നൽകിയിരുന്നു. പാറ്റ്നയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ഒരു ബ്ലോക്ക് ഓഫീസിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനമാണ് ദൃശ്യങ്ങളിലുള്ളതെന്നായിരുന്നു അജിത് അൻജും അവകാശപ്പെടുന്നത്.
ഫോമുകൾ പൂരിപ്പിച്ച ശേഷം അവർ തന്നെ വോട്ടമാരുടെ ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻറെ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നു. അജിത് അൻജുമിൻറെ ഫോൺ തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തട്ടിപ്പ് കൈയോടെ പിടികൂടി. വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻറെ മറവിൽ വോട്ട് മോഷണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ബ്രാഞ്ചായി മാറിയോ. സമൂഹമാധ്യമമായ എക്സിൽ രാഹുൽ ഗാന്ധി രൂക്ഷ വിമർശനമുയർത്തി. ഒരു വാർത്ത ദൃശ്യവും രാഹുൽ പങ്ക് വച്ചിട്ടുണ്ട്. ഈ മാധ്യമ പ്രവർത്തകനെതിരെയും കേസ് വന്നേക്കാമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്ക്കരിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരിക്കേയാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം, വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ 35.7 ലക്ഷം പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.











