
ബീഹാറിൽ കോൺഗ്രസ് പ്രഖ്യാപിച്ച പ്രിയദർശിനി ഉദാൻ യോജന വിവാദത്തിൽ. ആർത്തവ ശുചിത്വ അവബോധം വളർത്താൻ എന്ന പേരിൽ സംസ്ഥാനത്തെ അഞ്ചുലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാൽ സാനിറ്ററി പാഡിന്റെ പായ്ക്കറ്റുകളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ചതാണ് വിവാദമായത്. രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകൾ വിതരണം ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി.
സ്ത്രീ വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്നായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകൾ വിതരണം ചെയ്ത് കോൺഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ‘രാഹുൽ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡിൽ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം, കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണ്, ബിഹാറിലെ സ്ത്രീകൾ കോൺഗ്രസിനെയും ആർജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ രാഹുലിന്റെ ചിത്രം മാറ്റി പ്രിയങ്കയുടെ ചിത്രം പതിക്കാനും തുടങ്ങിയിട്ടുണ്ട്.











