08:01pm 22 July 2026
NEWS
വിദ്യാർഥികൾ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവിയാണ്; ധർമേന്ദ്ര പ്രധാൻ രാജിവെക്കണം: രാഹുൽ ഗാന്ധി
22/07/2026  05:21 PM IST
nila
വിദ്യാർഥികൾ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവിയാണ്; ധർമേന്ദ്ര പ്രധാൻ രാജിവെക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഡൽഹി പൊലീസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിച്ച വിദ്യാർഥികൾ കുറ്റവാളികളല്ലെന്നും അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് വിദ്യാർഥികളെ ലാത്തിച്ചാർജ് ചെയ്യുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രതിഷേധത്തിന്റെ ഭാഗമായി കൈയിൽ കറുത്ത ബാൻഡ് ധരിച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

"വിദ്യാർഥികൾ എന്ത് കുറ്റമാണ് ചെയ്തത്? അവർ രാജ്യത്തിന്റെ ഭാവിയാണ്, ഭീകരവാദികളല്ല. അവരുടെ ശബ്ദം കേൾക്കണമെന്നാവശ്യപ്പെട്ടാണ് അവർ സമരം നടത്തിയത്. ഇന്ന് വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിലും അവരുടെ ആശങ്കകൾ സർക്കാർ അവഗണിക്കുകയാണ്," രാഹുൽ ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 152 പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇതിലൂടെ ഏഴരക്കോടിയിലധികം വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വിശ്വാസമാണ് തകർന്നതെന്ന് പറഞ്ഞു. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ തന്നെ ഇത് തകർത്തുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ ചുമതലയിൽ പരാജയപ്പെട്ടുവെന്നും അതിനാൽ രാജിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും രാഹുൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ യുവജനങ്ങളുടെ ഭാവി അനിശ്ചിതമാണെന്നും കൃത്രിമബുദ്ധിയുടെ  വളർച്ച കോർപ്പറേറ്റ് മേഖലയിലെ തൊഴിലവസരങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് മൂന്ന് ആവശ്യങ്ങളും രാഹുൽ ഗാന്ധി മുന്നോട്ടുവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് പരസ്യമായി മാപ്പുപറയുക എന്നിവയാണ് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img