
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിക്കൊപ്പം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. വിദ്യാർഥിക്കുനേരെ പെല്ലറ്റ് പ്രയോഗിച്ച പൊലീസുകാരനെതിരെ പരാതി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി വിദ്യാർഥിക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.
രാഹുൽ ഗാന്ധിയും വിദ്യാർഥിയും ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ഓഫിസിലും പിന്നീട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും എത്തുകയായിരുന്നു.
വിദ്യാർഥിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുന്നതുവരെ പൊലീസ് സ്റ്റേഷനിൽനിന്ന് രാഹുൽ ഗാന്ധി മടങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.










