
ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എൻ.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിവേഗം വളർന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നതാണ് നമ്മൾ നേരിടുന്ന സാർവത്രിക പ്രശ്നമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. മുമ്പ് രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ ഇപ്പോൾ ഭരിക്കുന്ന എൻ.ഡി.എ.യ്ക്കോ രാജ്യത്തെ യുവാക്കൾക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം നൽകാനായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയം നല്ലതായിരുന്നെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
രാജ്യത്തെ മികച്ച കമ്പനികൾ ഉത്പാദനം വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തിൽനിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തി. 60 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിൽ താൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ഒന്നിനും ശ്രമിച്ചിട്ടില്ലെന്നും താൻ പറയുന്നില്ല. 'മെയ്ക്ക് ഇൻ ഇന്ത്യ' നല്ല ആശയമായിരുന്നു. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടുപോയെന്നും രാഹുൽഗാന്ധി പറഞ്ഞു.
ഇപ്പോൾ ഉത്പാദനമെല്ലാം നമ്മൾ ചൈനയ്ക്ക് കൈമാറിയിരിക്കുകയാണെന്നും തന്റെ മൊബൈൽഫോൺ ഉയർത്തിക്കാട്ടി രാഹുൽഗാന്ധി പറഞ്ഞു. ''ഒരുരാജ്യമെന്ന നിലയിൽ ഉത്പാദനമേഖലയെ സംഘടിപ്പിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. ഇതെല്ലാം നമ്മൾ ചൈനയ്ക്ക് കൈമാറി. ഈ ഫോൺ 'മെയ്ഡ് ഇൻ ഇന്ത്യ' അല്ല. ഇത് ഇന്ത്യയിൽവെച്ച് കൂട്ടിയോജിപ്പിച്ചെന്നേയുള്ളൂ. ഇതിന്റെ എല്ലാ ഘടകങ്ങളും ചൈനയിൽ നിർമിച്ചതാണ്. ഓരോ തവണയും നമ്മൾ ഫോൺ ഉപയോഗിക്കുമ്പോഴും ബംഗ്ലാദേശി ഷർട്ട് ധരിക്കുമ്പോഴും നമ്മൾ അവർക്ക് നികുതി അടയ്ക്കുകയാണ്'', അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ ഇന്ത്യ-ചൈന അതിർത്തിതർക്കത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ രംഗത്ത് വന്നു.











