
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനക്ഷേമ വാഗ്ദാനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾക്കും യുവാക്കൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് അഞ്ച് പ്രധാന ഗ്യാരണ്ടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ, ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കൽ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ രാജ്യം വഞ്ചിക്കപ്പെട്ടുവെന്നും രാജ്യത്തിന്റെ ഡേറ്റ യു.എസ്. സർക്കാരിന് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നുവെന്നും അതുപോലെ തന്നെ കേരള മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നിയന്ത്രിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ 55 മണിക്കൂർ ചോദ്യം ചെയ്തുവെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി, സിപിഎമ്മും ബിജെപിയും ചേർന്നുള്ള രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ സിപിഎം–ബിജെപി അല്ല, ‘സിജെപി’യാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
സിഎംപി നേതാവ് സി.പി.ജോൺ സ്വാഗതം പറഞ്ഞു. രാജ്യാന്തര ജനാധിപത്യസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് രാഹുൽഗാന്ധിയെന്ന് സി.പി.ജോൺ പറഞ്ഞു. അധികാരത്തിൽ വരാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരളത്തിൽ മാറ്റം വേണം. വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി കേരളത്തെ രാജ്യത്തെ മുൻനിരയിലെത്തിക്കണം. രാജ്യം അദ്ഭുതത്തോടെ നോക്കുന്ന ഒരു പുതിയ കേരള മാതൃക യുഡിഎഫ് കൊണ്ടുവരും. സെക്രട്ടേറിയറ്റിനെ കാര്യക്ഷമമാക്കും. നാടിന് വലിയ മാറ്റമുണ്ടാകുന്ന പദ്ധതികൾ യുഡിഎഫ് നടപ്പിലാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഭരണമാറ്റത്തിനായി ജനങ്ങൾ കാതോർത്തു നിൽക്കുകയാണെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയൻ നാട്ടുകാരനാണെന്ന് പറയാൻ ലജ്ജയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. എത്ര പരസ്യം നൽകിയാലും സർക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വൻകിട വികസനപ്രവർത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം ഉണ്ടായില്ല. ജനം തുടർ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.











