
തിരുവനന്തപുരം: കേരള കോൺഗ്രസ് (മാണി) നെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ സജീവ ശ്രമങ്ങൾ ആരംഭിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ഡൽഹിയിൽ വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ മുതിർന്ന നേതാക്കളോട് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യകേരളത്തിൽ മുന്നണിയുടെ വിജയം ഉറപ്പാക്കാൻ കേരള കോൺഗ്രസ് (എം) യുഡിഎഫിലെത്തുന്നതിലൂടെ സാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയാണ് ഏക മാനദണ്ഡമാകേണ്ടതെന്നും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കപ്പുറം വിജയിക്കാവുന്ന സ്ഥാനാർഥികളെ കണ്ടെത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചാൽ മധ്യകേരളത്തിൽ മുന്നണിക്ക് നിർണായക മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് രാഹുൽ ഗാന്ധിക്കുള്ളത്. അതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാനും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും ആവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തണമെന്ന് നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുഡിഎഫിലേക്കുള്ള തിരിച്ചുവരവിന് സാധ്യത ഇല്ലെന്ന നിലപാട് ജോസ് കെ. മാണി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും രാഷ്ട്രീയ നിലപാടിൽ ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഈ വിഷയത്തിൽ സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലും പാർട്ടിയിലുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ജോസ് കെ. മാണി ഇല്ലാതെയും ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തൽ മുന്നണിയിലെ ഒരു വിഭാഗം നേതാക്കൾ പങ്കുവെക്കുന്നു. അതിനാൽ മാണി വിഭാഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ മുന്നണിക്കുള്ളിലും കോൺഗ്രസിനുള്ളിലും ഭിന്നത സൃഷ്ടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.











