
പാർലമെന്റ് 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി നടന്നത് ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെയായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തിൽ മുഴച്ചുനിന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പദവിക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ഒരു എതിരാളിയില്ലെന്ന അഹംഭാവമായിരുന്നു. അദ്ദേഹം പറഞ്ഞു: 'ഇത് എന്റെ സർക്കാരിന്റെ മൂന്നാം ടേം മാത്രമാണ്. വികസിത ഭാരതമെന്ന ലക്ഷ്യം നിറവേറ്റാനായി യത്‌നിക്കുമ്പോൾ ഒട്ടേറെ വർഷങ്ങൾ ഇനിയും പ്രവർത്തിക്കാനിരിക്കുന്നു.
2047 ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മൾ വികസിതഭാരതമായി മാറും.'
2001 ഒക്‌ടോബർ ഏഴ് മുതൽ 2014 മെയ് 21 വരെ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്രമോദി 2014 മേയ് 26 നാണ് ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. 2014 ൽ പൊതുതിരഞ്ഞെടുപ്പിന് മുമ്പുതന്നെ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആർ.എസ്.എസ് നേതൃത്വത്തിന്റെ ആശിസ്സുകളോടെ ബി.ജെ.പി ഉയർത്തിക്കാട്ടി. മോദിയെക്കാൾ രാഷ്ട്രീയത്തിൽ പരിചയ സമ്പത്തും പാരമ്പര്യവുമുണ്ടായിരുന്ന എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ജസ്വന്ത് സിംഗ് എന്നിവരെയൊക്കെ മൂലയിലൊതുക്കാൻ മോദിക്ക് അനായാസം സാധിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെതന്നെ അദാനി, അംബാനിമാരെ പോലെയുള്ള വൻകിട കോർപ്പറേറ്റുകളുടെ പിന്തുണയും മോദി ഉറപ്പാക്കിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കാൻ മോദി തന്നെ വീശിയ വജ്രായുധങ്ങളിലൊന്നായിരുന്നു നേതാക്കൾ 75-ാം വയസ്സിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണം എന്നത്.
ഉത്തര ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ വഡ്‌നഗർ ഗ്രാമത്തിൽ ദാമോദർ ദാസ് മൂൽചന്ദ് മോദിയുടെയും ഹിരാബെന്നിന്റെയും ആറുമക്കളിൽ മൂന്നാമനായി മോദി ജനിക്കുന്നത് 1950 സെപ്റ്റംബർ 17 നാണ്. അതായത് ഈ മാസം 17 ന് മോദിക്ക് 75 വയസ്സ് തികയും. പാർട്ടിയിൽ നരേന്ദ്രമോദി കഴിഞ്ഞാൽ എല്ലാ അർത്ഥത്തിലും രണ്ടാമനായ അമിത്ഷായ്ക്ക് ഇതറിയാത്തതല്ല. എന്നിട്ടും ഷാ തന്നെയാണ് 2024 ലെ ലോക്‌സഭാ ഇലക്ഷന് മുമ്പ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് നരേന്ദ്രദാമോദർദാസ് മോദി തന്നെയായിരിക്കും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിക്കുക എന്ന്.
അതിൽ നിന്ന് രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കപ്പെട്ടത്. ഒന്ന് ബി.ജെ.പിക്ക് മൂന്നാം ടേമിലും അധികാരം നിലനിർത്താൻ മോദിയുടെ നായകപദവി അനിവാര്യമായിരുന്നു. രണ്ട് മോദിക്കൊരു ബദൽ നേതാവിനെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനായില്ലെന്ന് ബി.ജെ.പിയും ആർ.എസ്.എസും വിശ്വസിക്കുന്നു.
വായുവിൽ ഓക്‌സിജൻ പോലെയാണ് മോദിക്ക് അധികാരം. അധികാരത്തിന്റെ സാധ്യതകളാണ് മോദി സദാ ആരായുന്നത്. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കലവറയില്ലാത്ത പിന്തുണയും, 'ഹിന്ദുത്വ' എന്ന ജനങ്ങളെ വൈകാരികമായി സ്വാധീനിച്ച തുറുപ്പുചീട്ടുമാണ് മോദിയെ മോദിയാക്കിയത്. ഒരു ദേശം, ഒരു വംശം, ഒരു നേതാവ് എന്ന സങ്കൽപ്പത്തിലേക്കാണ് മോദി ഇന്ത്യയെ കൊണ്ടുപോകുന്നത്. എതിരാളിക്ക് മുന്നിൽ ഒരിക്കലും പതറാത്ത നേതാവ് എന്നൊക്കെ അണികൾ വാഴ്ത്തുമ്പോഴും ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത നേതാവാണ് മോദി എന്നതാണ് അനുഭവം. ഉയർന്ന തട്ടിൽ നിന്നുകൊണ്ട് താഴെയുള്ളവരോട് സംസാരിക്കുന്ന മതപുരോഹിതനെ പോലെയാണ് മോദി. ചോദ്യങ്ങൾ ഇങ്ങോട്ടുവേണ്ട ഞാൻ പറയും, മറ്റുള്ളവർ കേൾക്കും എന്നതാണ് രീതി. 'മൻ കീ ബാത്ത്' പോലെ താൻ അമാനുഷ്യനാണെന്നും തെറ്റുകൾ പറ്റുന്ന സാധാരണ നേതാവല്ലെന്നും മോദി സ്വയം വിശ്വസിക്കുന്നു. ഒരു നേതാവ്, ഒരു രാഷ്ട്രം, ഒരു ജനത എന്ന മുദ്രാവാക്യത്തിൽ സ്വാധീനിക്കപ്പെട്ടവരുടെ ഉള്ളിൽ ബഹുസ്വരത, മതേതരത്വം, ജനാധിപത്യഭരണഘടനാ സംവിധാനങ്ങൾ എല്ലാം പാഴാണെന്നും പകരം മോദി എന്ന കരുത്തനായ നേതാവ് മതിയെന്നുമുള്ള പരികൽപ്പനയാണുള്ളത്. അവിടെ ഇന്ത്യ എന്ന ആശയത്തിന് പ്രസക്തിയില്ല.
ഈ മിത്തുമായുള്ള പോരാട്ടത്തിൽ മറുപക്ഷത്തുള്ള 'ഇന്ത്യ' എന്ന ആശയത്തോടൊപ്പമുള്ളവരെയെല്ലാം ഏകോപിപ്പിക്കാൻ കഴിയുന്ന ഒരു ബദൽ നേതാവ് 2024 ലെ ലോക്‌സഭാ ഇലക്ഷനിലും പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയിൽ നിർണ്ണായകമാകുന്നത് പലപ്പോഴും ഇത്തരം നേതാക്കളായിരിക്കും.
ഇന്ത്യൻ ഫെഡറലിസം വെല്ലുവിളിക്കപ്പെടുമ്പോൾ, എതിർശബ്ദങ്ങൾ ഒന്നടങ്കം അടിച്ചമർത്തപ്പെടുന്നതിനുള്ള നീക്കം നടക്കുമ്പോൾ, ചെറുത്തുനിൽപ്പാഗ്രഹിക്കുന്ന ഇന്ത്യയിലെ പൗരസമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ ഒരു നേതാവിനെ സ്വാതന്ത്ര്യത്തിനുശേഷം ജനാധിപത്യ സമൂഹം ഇതുപോലെ ആഗ്രഹിച്ച ഒരു കാലഘട്ടമില്ല.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 2019 ലെ പരാജയത്തെ അഭിമുഖീകരിച്ച് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുമ്പോൾ രാജ്യത്തിന്റെ ഭരണഘടനാസ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കുക എന്ന ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യം ചൂണ്ടിക്കാട്ടി, ഇനിയങ്ങോട്ടുള്ള പ്രധാന അപകടം തെരഞ്ഞെടുപ്പുകൾ കേവലം ചടങ്ങുകൾ ആയി ഒതുങ്ങുമെന്ന ആശങ്കയും മുന്നറിയിപ്പും പ്രകടിപ്പിച്ചിരുന്നു. 2024 തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ ഭരണത്തുടർച്ച ലഭിക്കുമോയെന്ന് ബി.ജെ.പി ഭയന്നു. അപ്പോഴാണ് മോദി പച്ചയായ വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത്.
2024 ൽ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷ മുന്നണിയുടെ വിജയം നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയിരുന്നെങ്കിലും, ഫലപ്രഖ്യാപനം വന്നപ്പോൾ ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിച്ചുകൊണ്ട് ബി.ജെ.പി മുന്നണി വിജയിക്കുന്നതാണ് കണ്ടത്. 2019 ലെതിനേക്കാൾ വ്യാപകമായ തോതിൽ ഇലക്ഷൻ കമ്മീഷന്റെ സഹകരണത്തോടെ 2024 ലെ ലോക്‌സഭാ ഇലക്ഷനിലും, അട്ടിമറി പല രൂപത്തിൽ നടന്നത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോഴും വോട്ടേഴ്‌സ് ലിസ്റ്റിൽ വൻതോതിൽ വ്യാജ പേരുകാരെ ചേർത്തതും, വോട്ടേഴ്‌സ് ലിസ്റ്റിലുള്ളതിലും അധികം വോട്ടുകൾ ബാലറ്റുപെട്ടിയിൽ രേഖപ്പെടുത്തിയതും, അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതിനുശേഷവും ക്രമാതീതമായ നിലയിൽ പോളിംഗ് ശതമാനം ഉയർന്നതും രാഹുൽഗാന്ധി ആവർത്തിച്ച് പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ അതിന് വാർത്താപ്രാധാന്യം നൽകാതെ അവഗണിച്ചു.
പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമായതു സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും, അത് സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ പര്യാപ്തമായ തെരഞ്ഞെടുപ്പ് കമ്മിഷനുമാണ്. ഇതു ഇനി അസാധ്യമാണെന്നുള്ള തീർപ്പിലേക്കാണ് രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തുള്ള ബഹുഭൂരിപക്ഷ ജനാധിപത്യ വാദികളും വളരെ നിരാശയോടെ എത്തിച്ചേർന്നത്. രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധരുടെ വിശാലമായ കൂട്ടായ്മയും, അതിന് നേതൃത്വം നൽകാൻ, നരേന്ദ്രമോദിയോട് നേർക്കുനേർ ഏറ്റുമുട്ടാൻ കരുത്തുള്ള ഒരു നേതാവും എന്നതിൽ പ്രതീക്ഷ തന്നെ ഇല്ലാതിരുന്നു പല പൗരാവകാശ മനുഷ്യാവകാശ പോരാളികൾക്കും.
അത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ആഗസ്റ്റ് 7 ലെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ 'വോട്ടുകൊള്ള' വാർത്താസമ്മേളനം നടക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർ പട്ടികയിൽ നടത്തിയ അട്ടിമറിയുടെ ഞെട്ടിക്കുന്ന തെളിവുകൾ രാഹുൽഗാന്ധി പുറത്തുവിട്ടു. അധികാരത്തിലുള്ള പാർട്ടിയും തെരഞ്ഞെടുപ്പു കമ്മീഷനും ചേർന്ന് രാജ്യമൊട്ടാകെ ക്രിമിനൽ തട്ടിപ്പാണ് നടത്തിയതെന്നും, കള്ളവോട്ടുകളിലൂടെയാണ് എൻ.ഡി.എ സർക്കാർ മൂന്നാം വട്ടവും അധികാരം അരക്കിട്ടുറപ്പിച്ചത് എന്നും വിശ്വാസയോഗ്യമായി രാജ്യത്തിന്റെ പൊതുമനസാക്ഷിക്ക് മുമ്പിൽ രാഹുൽഗാന്ധി അവതരിപ്പിച്ചപ്പോൾ മോദി ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മിഷനും ഞെട്ടിവിറക്കുക തന്നെ ചെയ്തു. ഈ മാധ്യമ സമ്മേളനം ഇന്ത്യാസഖ്യത്തന് മാത്രമല്ല പ്രതിപക്ഷത്ത് പ്രധാനമന്ത്രിയോടും ബി.ജെ.പി ഗവൺമെന്റിനോടും വിയോജിപ്പുള്ളവർക്ക് മുഴുവനും പുതിയ ഊർജ്ജവും പ്രത്യാശയും പകർന്നു.
തെരഞ്ഞെടുപ്പുകമ്മീഷന്റെ പക്ഷം ചേരലും നടത്തിപ്പിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പലവട്ടം നേരത്തെതന്നെ രാഹുൽഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു.
2025 ഫെബ്രുവരി 3 ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലും, പിന്നീടുനടന്ന മാധ്യമ സമ്മേളനത്തിലും, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്ന ചില തിരിമറികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യക്തമായിത്തന്നെ പ്രതിപാദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായിരുന്ന വോട്ടർമാർ 8.98 കോടി. അഞ്ചുവർഷം കഴിഞ്ഞ് 2024 മേയിൽ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായിരുന്ന വോട്ടർമാർ 9.29 കോടി. അതായതു അഞ്ചുവർഷം കൊണ്ട് 31 ലക്ഷംപേരുടെ വർദ്ധന. 2024 നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പായപ്പോൾ വോട്ടർമാർ 9.70 കോടിയായി കുതിച്ചുയർന്നു. അതായത് 5 മാസം കൊണ്ട് 41 ലക്ഷം പേരുടെ വർദ്ധന. തികച്ചും അവിശ്വസനീയമായ ഇക്കാര്യം രാഹുൽഗാന്ധി ചോദ്യം ചെയ്തു.
മറ്റൊന്ന് പോളിംഗ് ശതമാനത്തിലെ വർദ്ധനവ് ആയിരുന്നു. വൈകുന്നേരം 5 മണിവരെ പോളിംഗ് ബൂത്തിലെത്തിയവർക്ക് മാത്രമായിരുന്നു വോട്ടുചെയ്യാൻ അവസരം. അഞ്ചുമണിക്കുള്ള പോളിംഗ് ശതമാനം 58.22 ആയിരുന്നു. അഞ്ചുമണിക്കുശേഷം മഹാരാഷ്ട്രയിലെവിടെയും തിരക്കോ, വോട്ട് ചെയ്യാൻ നീണ്ട ക്യൂവോ ഉണ്ടായിരുന്നില്ല. എന്നിട്ടും പിറ്റേന്ന് രാവിലെ പുറത്തുവിട്ട കണക്ക് 66.05 ശതമാനമായിരുന്നു. അവിശ്വസനീയമായ ഈ 7.83 ശതമാനം വർദ്ധന 76 ലക്ഷം വോട്ടർമാർക്ക് തുല്യമാണെന്നും രാഹുൽഗാന്ധി ആരോപിക്കുകയുണ്ടായി.
മഹാരാഷ്ട്രയിൽ ഏകദേശം ഒരു ലക്ഷം പോളിംഗ് ബൂത്തുകൾ ഉണ്ട്. എന്നാൽ 2024 ലെ ലോക്‌സഭാ ഇലക്ഷനിൽ ബി.ജെ.പി മോശം പ്രകടനം കാഴ്ചവച്ച 85 മണ്ഡലങ്ങളിലെ ഏകദേശം 12,000 ബൂത്തുകളിൽ മാത്രമാണ് അധികമായി ചേർത്ത വോട്ടർമാരിൽ ഭൂരിഭാഗവും വോട്ട് ചെയ്തത്. ഈ അധിക വോട്ടുകൾ എങ്ങനെ രേഖപ്പെടുത്തപ്പെട്ടു എന്ന ചോദ്യം രാഹുൽ ഉയർത്തി. 88,000 ബൂത്തുകളിൽ കാണാത്തതും, 12,000 ബൂത്തുകളിൽ പ്രത്യേകമായി കാണപ്പെടുന്നതുമായ വോട്ടർമാരുടെ കുത്തനെയുള്ള വർദ്ധനവിനെ തിരഞ്ഞെടുപ്പു കമ്മിഷൻ 'യുവാക്കളുടെ പങ്കാളിത്തം' എന്ന് ന്യായീകരിച്ചതിനേയും രാഹുൽ പരിഹസിച്ചിരുന്നു. 2024 മെയിലെ ലോക്‌സഭാ ഇലക്ഷനിൽ ബി.ജെ.പിയുടെ വിജയശതമാനം 32 മാത്രമായിരുന്നത് വെറും അഞ്ചുമാസം കഴിഞ്ഞപ്പോൾ 82 ശതമാനമായി ഉയർന്നതിന്റെ(ബി.ജെ.പി മത്സരിച്ച 149 സീറ്റുകളിൽ 132 എണ്ണത്തിലും വിജയിച്ചു.) മാജിക് എന്താണെന്ന് രാഹുൽ ചോദിച്ചു. തിരഞ്ഞെടുപ്പിലെ കൂറു തെളിയിക്കുന്നതിന് 'കാംതീയെ' നിയമസഭാ മണ്ഡലത്തിൽ സംഭവിച്ചതിനെ ഒരു കേസ് സ്റ്റഡിയായി ഉദാഹരിക്കുകയും ചെയ്തിരുന്നു.
രാഹുൽഗാന്ധിയുടെ ആരോപണങ്ങളോടും ചോദ്യങ്ങളോടും രാഷ്ട്രീയക്കാരുടെ ഭാഷയിൽ പ്രകോപനപരമായി പ്രതികരിച്ചതല്ലാതെ, കൃത്യമായി ചൂണ്ടിക്കാട്ടിയ കൃത്രിമങ്ങളെക്കുറിച്ച് മൗനം അവലംബിക്കുകയായിരുന്നു ഇലക്ഷൻ കമ്മീഷൻ. 2024 ലോക്‌സഭാ, നിയമസഭാ ഇലക്ഷനുകളിലെ ഫോട്ടോപതിച്ച വോട്ടർ പട്ടിക ലഭ്യമാക്കണമെന്നുള്ള അഭ്യർത്ഥനയും, പോളിംഗ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥനകൾ തള്ളിക്കളയാൻ അവർ രണ്ടാമതൊന്ന് ആലോചിച്ചില്ല.
2024 നവംബർ 20 നായിരുന്നു മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്. അതിന് മുമ്പ് ഒക്‌ടോബർ 5 നായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. ഹരിയാന തിരഞ്ഞെടുപ്പിലും കൃത്രിമം നടന്നതായി പ്രതിപക്ഷ നേതാവും കോൺഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. സി.സി.ടി.വി ദ്യശ്യമടക്കമുള്ള രേഖകൾക്കായി ഒരു വോട്ടർ കമ്മീഷനെ സമീപിച്ചു. കമ്മീഷൻ അതുതള്ളി. പരാതിക്കാരൻ ഡെൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന് രേഖകൾ പരാതിക്കാരന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കയായിരുന്നില്ല ഇലക്ഷൻ കമ്മീഷൻ ചെയ്തത്. രേഖകൾ പുറത്തുപോകുന്നത് തടയാൻ നിയമഭേദഗതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരക്കിട്ട് കേന്ദ്ര നിയമന്ത്രാലയത്തെ സമീപിച്ചു. നിയമമന്ത്രാലയം തിടുക്കത്തിൽ ഭേദഗതി തയ്യാറാക്കി. ഒരൊറ്റ ദിവസം കൊണ്ട് കരട് അംഗീകരിക്കലും ഭേദഗതി പാസാക്കലും കഴിഞ്ഞു. രാത്രി 8 മണി കഴിഞ്ഞ് വിജ്ഞാപനവുമിറങ്ങി.
വീഡിയോദൃശ്യങ്ങൾ സൂക്ഷിക്കുന്നത് 3 മാസം മുതൽ ഒരു വർഷം വരെയെന്നത് 45 ദിവസത്തേക്കായി പരിമിതപ്പെടുത്തിയതും, ഡിജിറ്റൽ രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിനു തടയിട്ടതും തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും പലതും മറച്ചുപിടിക്കാനുള്ളതുകൊണ്ടാണെന്ന് വ്യക്തമായിരുന്നു. ഇതിനെ കായികരംഗത്തുള്ള ഒത്തുകളിക്ക്, മാച്ച് ഫിക്‌സിംഗിന് സമാനം എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ച് എന്തെങ്കിലും താൽപ്പര്യം ഉണ്ടായിരുന്നുവെങ്കിൽ, ഈ വർഷം ഫെബ്രുവരി ആദ്യം പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഈ വിഷയം പാർലമെന്റിലും പുറത്തും ഉത്തരവാദിത്തത്തോടെ ഉന്നയിച്ചപ്പോൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വാർത്തയാക്കിയേനെ. അതിനുപകരം ബി.ജെ.പി അനുകൂല കോർപ്പറേറ്റ് മാധ്യമങ്ങൾ വിഷയം അവഗണിച്ച് തമസ്‌ക്കരിക്കാനാണ് ശ്രമിച്ചത്.
ഇതിനിടയിലാണ് ഈ നവംബറിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടുന്ന ബീഹാറിൽ നിർണ്ണായകമായ വോട്ടർപട്ടിക പ്രശ്‌നം ഉയർന്നുവന്നത്. സാധാരണ പോലുള്ള വോട്ടർപട്ടിക പരിഷ്‌ക്കരണത്തിനുപകരം ബീഹാറിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്.ഐ.ആർ നടത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജൂൺ വിജ്ഞാപനം ജൂൺ മാസം 24 ന് ഇറങ്ങി. തൊട്ടടുത്ത ദിവസം പ്രക്രിയ ആരംഭിക്കുകയും ചെയ്തു. 2003 ജനുവരി ഒന്നിനാണ് ബീഹാറിൽ ഇതിനുമുമ്പത്തെ എസ്.ഐ.ആർ പൂർത്തിയായത്. 2003 മുതൽ വോട്ടർ പട്ടികയിൽ ഇടം നേടിയ 2.93 കോടി വോട്ടർമാർ പൗരത്വം തെളിയിക്കാനുതകുന്ന രേഖ ഹാജരാക്കണമെന്നാണ് വിജ്ഞാപനം നിഷ്‌ക്കർഷിച്ചത്. ജനന സർട്ടിഫിക്കറ്റും മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റും ഇപ്പോൾ രേഖകളാണെങ്കിലും, ഒന്നുമതിയെന്നു പറഞ്ഞെങ്കിലും, ഈ രേഖകൾ ഒന്നും ഇല്ലാത്ത ധാരാളം പേർ ബീഹാറിലുണ്ടെന്നതും പരമാവധി ആളുകളിൽ ഉണ്ടാകുമെന്നുറപ്പുള്ള ആധാർ, റേഷൻ കാർഡ്, വോട്ടർകാർഡ് തുടങ്ങിയ രേഖകൾ തെളിയിക്കാൻ സ്വീകാര്യമല്ല എന്ന കമ്മിഷന്റെ നിലപാട് പല സംശയങ്ങൾക്കും ഇടവരുത്തി. സുപ്രീംകോടതി പോലും അതിൽ അത്ഭുതം പ്രകടിപ്പിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു പുതുക്കലിനപേക്ഷിക്കാനുള്ള ചുരുങ്ങിയ സമയം കൊണ്ട് ഇതര സംസ്ഥാനങ്ങളിലേക്ക് ജോലി തേടിപ്പോയ ദശലക്ഷക്കണക്കിന് ബീഹാറി വോട്ടർമാർക്ക് അതിനുള്ള അവസരം നഷ്ടപ്പെടുമെന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചു.
പ്രത്യേക തീവ്രപുനഃപരിശോധന(എസ്.ഐ.ആർ) കമ്മിഷന്റെ വിപുലമായ അധികാരങ്ങളിൽപ്പെട്ടതാണെങ്കിൽതന്നെയും ബീഹാറിൽ ഇതിനായി കമ്മിഷൻ പ്രകടിപ്പിച്ച ധൃതിയും നിബന്ധനകളും രാജ്യത്ത് വലിയ എതിർപ്പിനിടയാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ(നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്- എൻ.ആർ.സി) നടപ്പാക്കുന്നതിന് മുന്നോടിയായുള്ള റിഹേഴ്‌സലാണ് സർക്കാരിനുവേണ്ടി ഇലക്ഷൻ കമ്മിഷൻ നടത്തുന്നത് എന്ന സംശയത്തിനിടയാക്കി. മാത്രമല്ല അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ഈ മോഡൽ പിന്തുടരുമെന്ന കമ്മിഷന്റെ പ്രഖ്യാപനം കമ്മിഷന്റെ ഉദ്ദേശശുദ്ധിയും കൂടുതൽ സംശയം വർദ്ധിപ്പിച്ചു.
എസ്.ഐ.ആർ. ലെ നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽനിന്നുണ്ടായ ഇടക്കാലവിധിയിൽ കരടുവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ സമ്പൂർണ്ണ പട്ടിക പ്രസിദ്ധീകരിക്കണമെന്നു നിർദ്ദേശിച്ചതും, ഒഴിവാക്കപ്പെട്ടവർ ആധാർസഹിതം അപേക്ഷ നൽകാമെന്ന് പറഞ്ഞതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചകളെ ചോദ്യം ചെയ്യുന്ന രാഹുൽഗാന്ധിയുടെ പോരാട്ടത്തിന്റെ കരുത്ത് വർദ്ധിപ്പിച്ചു. കമ്മിഷന്റെ നടപടികൾക്കെതിരെ ബീഹാറിൽ പ്രതിഷേധം കനക്കുകകൂടി ചെയ്തതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തിലാകുന്നത് കണ്ടു.
ബിഹാറിലെ വോട്ടർപട്ടിക പരിശോധനക്കുള്ള കമ്മീഷൻ തയ്യാറാക്കിയ 11 രേഖകളുടെ പട്ടികയിൽ 12-ാമത്തെ രേഖയായി ആധാർ കാർഡ് ചേർക്കണമെന്ന സുപ്രിം കോടതി ഉത്തരവും നിർണായകമായി. ബീഹാറിൽ തിടുക്കപ്പെട്ട് വോട്ടർ പട്ടിക പരിഷ്‌ക്കരണ നടപടികളിലേക്ക് കടന്ന് ബീഹാർ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കാനുള്ള കേന്ദ്ര സർക്കാർ-ഇലക്ഷൻ കമ്മിഷൻ ഒത്തുകളി മുൻകൂട്ടി കണ്ട് അവിടുത്തെ സാധാരണജനങ്ങളുടെ വികാരം മനസ്സിലാക്കി ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ ഒന്ന് വരെ ബീഹാറിലെ 24 ജില്ലകളിലൂടെ 1300 കിലോമീറ്റർ ദൂരം 16 ദിവസം നീളുന്ന രാഹുൽ ഗാന്ധിയുടെ 'വോട്ടർ അധികാർ യാത്ര' ആസൂത്രണം ചെയ്തശേഷം പാർലമെന്റിൽ പ്രതിപക്ഷം ബീഹാറിലെ വോട്ടർപട്ടിക വിവാദം ഉയർത്തി പ്രതിഷേധിക്കുന്നതിനിടെയാണ് ബി.ജെ.പിക്കും ഇലക്ഷൻ കമ്മീഷനും വൻ ആഘാതം ഏൽപ്പിച്ച രാഹുൽഗാന്ധിയുടെ ആഗസ്റ്റ് 7 ലെ പത്രസമ്മേളനം നടക്കുന്നത്. മികച്ച ഒരു ടീമിനെ വെച്ച് മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെ ശേഖരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ രേഖകൾ ഏഴടി പൊക്കത്തിൽ അടുക്കിവെച്ചു മികച്ച ഗൃഹപാഠത്തിലൂടെ കൃത്യവും വ്യക്തവുമായി ഇലക്ഷൻ കമ്മീഷന്റെ കള്ളക്കളികൾ ഒന്നൊന്നായി തുറന്നുകാട്ടിയപ്പോൾ, 2014 ൽ അധികാരത്തിലെത്തിയശേഷം ബി.ജെ.പിക്കും നരേന്ദ്രമോദിക്കും ലഭിക്കുന്ന ഏറ്റവും കനത്ത പ്രഹരമായിട്ടാണ് അത് മാറിയത്.
വോട്ടർപട്ടികയുടെ ഡിജിറ്റൽ രേഖകൾ നൽകിയാൽ വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്ന് 15 മിനിട്ടുകൊണ്ട് തെളിയിക്കാമെന്ന രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്കുപോലും ഇലക്ഷൻ കമ്മിഷനു ഉത്തരം ഉണ്ടായിരുന്നില്ല. ആരോപണങ്ങൾ സംബന്ധിച്ച് രാഹുൽഗാന്ധി നിർദ്ദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം നൽകുകയോ, അല്ലെങ്കിൽ രാജ്യത്തോട് മാപ്പുപറയുകയോ വേണമെന്ന് മാത്രമാണ് സി.ഇ.സി ഗ്യാനേഷ്‌കുമാറിന് പത്രസമ്മേളനത്തിൽ പറയാനുണ്ടായിരുന്നത്. രാഹുൽഗാന്ധി ചൂണ്ടിക്കാണിച്ച ക്രമക്കേടുകൾക്കൊന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന ഒരു മറുപടിയോ വിശദീകരണമോ നൽകാൻ കേന്ദ്ര ഇലക്ഷൻ കമ്മിഷന് കഴിഞ്ഞില്ല.
രാഹുൽഗാന്ധിയുടെ മാധ്യമസമ്മേളനം സൃഷ്ടിച്ച പ്രകമ്പനം ഇലക്ഷൻ കമ്മിഷനേയും കേന്ദ്ര സർക്കാരിനേയും വിറകൊള്ളിച്ചപ്പോൾ, ഇൻഡ്യാസഖ്യത്തിനും, പ്രതിപക്ഷത്തിനും, മതേതര ജനാധിപത്യചേരിക്ക് ഒന്നാകെയും അത് പുതിയ ആവേശവും ഊർജ്ജവും സൃഷ്ടിക്കുന്നതായി. പിന്നീട് ബാംഗ്ലൂരിൽ നടന്ന വോട്ടധികാര പ്രതിഷേധറാലിയിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിമാർ നടത്തിയ മാർച്ചിലും ആ ആവേശവും ഊർജ്ജവും പ്രകടമായിരുന്നു.
പിന്നീട് ബീഹാറിൽ നടന്ന 16 ദിവസ 'വോട്ടർ അധികാർ യാത്ര'ബീഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചിരിക്കുന്നു എന്നുവേണം കരുതാൻ. അത്രമേൽ ജനപങ്കാളിത്തവും ജനപിന്തുണയുമാണ് രാഹുൽഗാന്ധിയും തേജസ്വിയാദവും ചേർന്ന് നടത്തിയ യാത്രയ്ക്ക് ലഭിച്ചത്. യാത്രയുടെ ഓരോ ദിവസവും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്ത്യാ സഖ്യ പാർട്ടികളും നേതാക്കളും യാത്രയിൽ ഭാഗഭാക്കാകാൻ എത്തി. 'വോട്ടർ അധികാർ യാത്ര' സെപ്റ്റംബർ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ സമാപിച്ചപ്പോൾ മോദിയെ വെല്ലാൻ ഇൻഡ്യാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാരെന്ന ചോദ്യത്തിന് ഉത്തരം ആയി കഴിഞ്ഞിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ നരേന്ദ്രമോദിയെയും അമിത്ഷായെയും പ്രതിരോധത്തിലാക്കി 'വോട്ടുചേരി'യെ സമർത്ഥമായി ജനങ്ങളിലെത്തിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ യുവാക്കളെ പ്രതിനിധീകരിക്കുന്ന ഇൻസ്റ്റഗ്രാമിലും രാഹുൽഗാന്ധിയുടെ റീച്ച് കുതിച്ചുയർന്നത് മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു.
2023 ൽ 135 ദിവസം കന്യാകുമാരി മുതൽ കാശ്മീർ വരെ 4080 കിലോമീറ്റർ നീണ്ട രാഹുൽഗാന്ധിയുടെ 'ഭാരത ജോഡോ' യാത്ര തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയാതീതമായൊരു അടയാളപ്പെടുത്തലായിരുന്നു. കുടുംബാധിപത്യത്തിലൂടെ നേതൃത്വത്തിലെത്തിയെന്നും, രാഷ്ട്രീയസ്ഥിരതയില്ലാത്ത നേതാവെന്നും, അവധി ആഘോഷിക്കാൻ ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നുവെന്നും, പ്രായോഗിക രാഷ്ട്രീയം വശമില്ലാത്തയാളെന്നുമെല്ലാമുള്ള കോൺഗ്രസ് വിരുദ്ധരുടേയും ഒരു വിഭാഗം കോൺഗ്രസുകാരുടെയും നിരന്തര ആക്ഷേപങ്ങൾക്കുള്ള മറുപടിയായിരുന്നു സാഹസികമായ ആ യാത്ര. ഭാരത് ജോഡോ യാത്രയോടെ ആർക്കും സമീപിക്കാവുന്ന കരുത്തനും നിർഭയനും സ്‌നേഹസമ്പന്നനുമായ വ്യക്തിയും നേതാവുമായി രാഹുൽഗാന്ധി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് തുഷാർഗാന്ധി, രഘുറാം രാജൻ, മേധാപട്കർ തുടങ്ങി ഒട്ടേറെ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഇന്ത്യാ മുന്നണിയെ നയിക്കാൻ രാഹുലിനോളം പോന്ന മറ്റൊരു നേതാവില്ലെന്ന് പരസ്യമായി പറയാൻ, പിണറായി വിജയനും കേരളത്തിലെ സി.പി.എം നേതാക്കളും ഒഴിച്ച് ഇൻഡ്യാമുന്നണിയിലെ ഒരു പാർട്ടിയും നേതാവും മടിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
'വോട്ടുചോരി'യെന്ന് പേരിട്ട് രാഹുൽഗാന്ധി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊട്ടിച്ച അണുബോംബ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വഴിത്തിരിവായി മാറുന്നു എന്നതിന്റെ സൂചനകൾ പ്രകടമാണ്. മോദിയുടെയും അമിത്ഷായുടെയും അമിത ആത്മവിശ്വാസവും അഹംഭാഹവും നന്നേ താഴ്ന്നിരിക്കുന്നു. പ്രതിപക്ഷത്തിന്റെ വീര്യവും ഐക്യവും ആത്മവിശ്വാസവും കുത്തനെ ഉയർന്നിരിക്കുന്നു.
ഇന്ത്യാസഖ്യത്തിന് പ്രതീക്ഷയും പ്രത്യാശയുമായി രാഹുൽഗാന്ധി വളർന്നിരിക്കുന്നു. വ്യക്തിപരമായും രാഷ്ട്രീയമായും ഇല്ലായ്മ ചെയ്യാനുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് ശൈലിയെ നിർഭയമായി ഒറ്റയ്ക്ക് നേരിട്ട രാഹുൽഗാന്ധിയുടെ വ്യക്തിപ്രഭാവം ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ഗുജറാത്തിൽ ജനങ്ങളറിയാത്ത രാഷ്ട്രീയപ്പാർട്ടികൾക്ക് 2019-20 മുതൽ 2023-24 വരെ ലഭിച്ച സംഭാവന 4300 കോടിയാണെന്ന കാര്യം അന്വേഷിക്കാനുള്ള ധൈര്യം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടാവില്ല.











