
ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പരുത്തി കർഷകരെയും വസ്ത്ര കയറ്റുമതിക്കാരെയും ബാധിക്കുന്ന രീതിയിലാണ് കരാർ നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയും വിഷയത്തിൽ വ്യക്തത നൽകാതെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതിയിൽ ബംഗ്ലാദേശിന് പൂജ്യം ശതമാനം താരിഫ് ഇളവ് ലഭിക്കുമ്പോൾ ഇന്ത്യൻ വസ്ത്രങ്ങൾക്ക് 18 ശതമാനം നികുതി ചുമത്തുന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പരുത്തി ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനയോടെയാണ് ബംഗ്ലാദേശിന് ഇളവ് ലഭിച്ചതെന്നും, ഇന്ത്യക്കും സമാന ആനുകൂല്യം വേണമെങ്കിൽ അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന നിലപാട് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയതായും അദ്ദേഹം ആരോപിച്ചു. ഈ വിവരം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചതെന്തെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ഈ നയം രാജ്യത്തെ പരുത്തി മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ ആഭ്യന്തര കർഷകർക്ക് തിരിച്ചടി ഉണ്ടാകും. മറുവശത്ത്, ഇറക്കുമതി ഒഴിവാക്കിയാൽ ഇന്ത്യൻ വസ്ത്ര വ്യവസായത്തിന് ആഗോള വിപണിയിൽ മത്സരിക്കാനാവാതെ വരും. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കാൻ ആലോചിക്കുന്നതും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
പരുത്തി കൃഷിയും വസ്ത്ര വ്യവസായവും കോടിക്കണക്കിന് ആളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട മേഖലയാണെന്നും, അവയെ ബാധിക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കർഷകരുടെയും കയറ്റുമതിക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ദീർഘകാല ദൃഷ്ടിയുള്ള കരാറുകളാണ് സർക്കാർ ഉണ്ടാക്കേണ്ടിയിരുന്നതെന്നും, നിലവിലെ കരാർ അതിന് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.











