
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യ സംവിധാനം പൂർണമായും തകർത്തുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെയും കാണാനായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാർ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞതായി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽനിന്ന് ഏകദേശം 50 വാര അകലെയാണ് ജനപ്രതിനിധികളെ തടഞ്ഞതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് എംപിമാർ പ്രതിനിധീകരിക്കുന്നത്. അങ്ങനെയിരിക്കെ മുന്നൂറോളം എംപിമാരെ എന്തിനാണ് തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കൃത്യമായും സുതാര്യമായും നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം. എന്നാൽ, മുന്നൂറോളം ജനപ്രതിനിധികൾ നേരിൽ കാണാൻ എത്തിയപ്പോൾ ഗ്യാനേഷ് കുമാർ അവരെ കാണാൻ തയ്യാറായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ജനപ്രതിനിധികൾക്ക് പോലും തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ രാജ്യത്ത് ജനാധിപത്യത്തിന് എന്താണ് അർത്ഥമെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വോട്ട് മോഷ്ടിച്ച്’ രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇതിന് സഹായം നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജനങ്ങൾക്കും യുവാക്കൾക്കും തങ്ങളെ തടഞ്ഞ പൊലീസുകാർക്കുപോലും ബോധ്യമുണ്ടെന്നും രാഹുൽ പറഞ്ഞു.
“നമ്മുടെ രാജ്യത്തോട് ചെയ്തത് രാജ്യദ്രോഹമാണ്. ഇതിൽ പങ്കാളികളായ ഒരാൾപോലും രക്ഷപ്പെടില്ല. നരേന്ദ്ര മോദിയായാലും അമിത് ഷായായാലും മോഹൻ ഭഗവതായാലും ഗ്യാനേഷ് കുമാറായാലും എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകും,” രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളിൽ തനിക്ക് താൽപര്യമില്ലെന്നും ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരായ പോരാട്ടം വെറും ചെറുത്തുനിൽപ്പിൽ ഒതുങ്ങില്ലെന്നും പാർട്ടിയെ പൂർണമായി പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.










