03:15pm 17 October 2026
NEWS
നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; രാഹുൽ ​ഗാന്ധിക്കെതിരെ എൻഎസ്‌യുവിൽ അതൃപ്തി ശക്തമാകുന്നു; വാട്സാപ്പ് ഗ്രൂപ്പിന്റെ പേരുമാറ്റി പ്രതിഷേധം
17/10/2026  09:18 AM IST
nila
നേഹ ബോറയ്ക്ക് അമിത പ്രാധാന്യം; രാഹുൽ ​ഗാന്ധിക്കെതിരെ എൻഎസ്‌യുവിൽ അതൃപ്തി ശക്തമാകുന്നു; വാട്സാപ്പ് ഗ്രൂപ്പിന്റെ പേരുമാറ്റി പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി അമിത പ്രാധാന്യം നൽകുന്നുവെന്ന പരാതിയുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയിൽ പ്രതിഷേധം. സ്വന്തം സംഘടനയിൽ നിരവധി യുവ നേതാക്കളുണ്ടായിരിക്കെ മറ്റൊരു വിദ്യാർഥി സംഘടനയിലെ നേതാവിനെ മുൻനിരയിൽ അവതരിപ്പിക്കുന്നതിൽ എൻഎസ്‌യുഐ പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'വീ ദ് ചോട്ടൂ' എന്നാക്കി മാറ്റിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗ്രൂപ്പിൽ ചില പ്രവർത്തകർ പരസ്യമായി രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. എൻഎസ്‌യുഐയിൽനിന്ന് തന്നെ യുവ നേതാക്കളെ ഉയർത്തിക്കാട്ടാൻ കഴിയാത്തതെന്താണെന്ന ചോദ്യമാണ് പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്. നേഹ ഒരു പ്രമുഖ നേതാവാണെന്നും യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കുന്ന പ്രവർത്തകർ, എന്നാൽ എൻഎസ്‌യുഐ പ്രവർത്തകർ അണിനിരക്കുന്ന സമരങ്ങളിൽ മറ്റൊരു സംഘടനയുടെ നേതാവിന് ഇത്രയധികം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും പറയുന്നു.

'സംഘടനയ്ക്കുള്ളിൽനിന്ന് ഒരാളെപ്പോലും നേതാവായി ഉയർത്തിക്കാട്ടാൻ കഴിയില്ലേ? ഞങ്ങളൊക്കെ ആർക്കുവേണ്ടിയാണ് ഇത്രയും കഷ്ടപ്പെടുന്നത്?' എന്നിങ്ങനെയാണ് ഒരു പ്രവർത്തകന്റെ ചോദ്യം. സംഘടനയിലെ പ്രവർത്തകർ വെറുമൊരു ആൾക്കൂട്ടമായി മാത്രം തുടരേണ്ടതുണ്ടോയെന്നും നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചു. സ്വന്തം പാർട്ടിക്കുവേണ്ടി തെരുവിലിറങ്ങി പ്രവർത്തിക്കുന്ന യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു.

തിങ്കളാഴ്ച ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചാണ് വിവാദത്തിന് തുടക്കമിട്ടത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിന്റെ മുൻനിരയിൽ നേഹ ബോറയും പ്രിയങ്ക ഗാന്ധിയുമുണ്ടായിരുന്നു. പ്രതിപക്ഷ നേതാക്കൾ സഞ്ചരിച്ച വാഹനത്തിലും പിന്നീട് സമരത്തിനായി ഉപയോഗിച്ച ട്രക്കിലും രാഹുലിനൊപ്പം നേഹ ഇടംപിടിച്ചു. ഇതോടെ പ്രതിഷേധത്തെക്കുറിച്ചുള്ള വാർത്തകളിൽ കോൺഗ്രസിനേക്കാൾ നേഹയ്ക്ക് പ്രാധാന്യം ലഭിക്കുന്നുവെന്ന വിമർശനവുമായി എൻഎസ്‌യുഐ പ്രവർത്തകർ രംഗത്തെത്തി.

എൻഎസ്‌യുഐയിൽ നിരവധി യുവ നേതാക്കളുണ്ടായിരിക്കെ, അവരെ അവഗണിച്ച് മറ്റൊരു സംഘടനയുടെ നേതാവിനെ മുൻനിരയിൽ അവതരിപ്പിക്കുന്നത് പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. വിഷയത്തിൽ ഹൈക്കമാൻഡിനെയും യുവജന വിഭാഗം നേതാക്കൾ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത സംഘടനകൾ പരസ്പരം മത്സരിക്കാറുണ്ടെങ്കിലും നേഹ ബോറയുടെ സംഘടനയായ ഐസയുടെ മാതൃസംഘടന സിപിഐഎംഎൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിലും നേഹ സജീവമായിരുന്നു. അന്ന് നിരാഹാര സമരത്തിലും അവർ പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധിയുടെ വസതിയിൽ നേഹ ചായസൽക്കാരത്തിൽ പങ്കെടുത്തതും വിവാദത്തിന് കൂടുതൽ ശ്രദ്ധ നൽകി. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രാഹുലിനൊപ്പം നേഹ പ്രത്യക്ഷപ്പെട്ടതാണ് സ്വന്തം സംഘടനയിലെ നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പ്രതിഷേധം ശക്തമാക്കിയതെന്നാണ് സൂചന. നേഹയ്ക്ക് പുറമെ ഐസ നേതാക്കളെയും രാഹുൽ ചായസൽക്കാരത്തിന് ക്ഷണിച്ചിരുന്നു. ഡൽഹിയിലില്ലാതിരുന്നതിനാൽ ദിപ്കെക്ക് പങ്കെടുക്കാനായില്ല.

എൻഎസ്‌യുഐ പ്രതിനിധികളുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് പഴയ നിലയിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ച എൻഎസ്‌യുഐ പ്രതിനിധി, സംഘടനാ നേതാവിനെ നേരിൽ കണ്ടതോടെ പ്രവർത്തകരുടെ അതൃപ്തി മാറിയെന്ന് വ്യക്തമാക്കി. പൊലീസിന്റെ ലാത്തിച്ചാർജിൽ നേരിട്ട പ്രയാസങ്ങളും പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കാത്തതിലുള്ള വേദനയും മാറിയെന്നും ആർഎസ്എസ്–ബിജെപി ആശയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നേഹ ബോറയുടെ പേര് രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ എൻഎസ്‌യുഐ നേതാക്കൾ ഉന്നയിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എൻഎസ്‌യുഐ പ്രസിഡന്റ് വിനോദ് ജഖാർ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. അതേസമയം, ജനങ്ങൾക്കുവേണ്ടി ഉയരുന്ന എല്ലാ ശബ്ദങ്ങൾക്കും കോൺഗ്രസിനുള്ളിൽ പ്രാധാന്യമുണ്ടെന്നായിരുന്നു പാർട്ടിയുടെ മീഡിയ ഇൻചാർജ് പവൻ ഖേരയുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img