06:30am 13 November 2026
NEWS
മോദി ഇന്ത്യയെ ട്രംപിന് വിറ്റു; വ്യാപാര കരാറിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
11/02/2026  03:37 PM IST
nila
മോദി ഇന്ത്യയെ ട്രംപിന് വിറ്റു; വ്യാപാര കരാറിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെയും ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനുള്ള വ്യക്തമായ ദിശാബോധം ബജറ്റിൽ ഇല്ലെന്നും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ സർക്കാർ ഗൗരവമായി കൈകാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഐടി മേഖലയിൽ നിർമ്മിത ബുദ്ധി (എഐ) ഉയർത്തുന്ന വെല്ലുവിളികൾ, ഊർജ മേഖലയുടെ പ്രശ്നങ്ങൾ, സാമ്പത്തിക സ്ഥിതി, രൂപയുടെ മൂല്യ ഇടിവ് തുടങ്ങിയ നിർണായക വിഷയങ്ങൾ ബജറ്റിൽ പരാമർശിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് രാഹുൽ പറഞ്ഞു. കൂടാതെ ഭൗമരാഷ്ട്രതലത്തിലുള്ള വെല്ലുവിളികളെ ഇന്ത്യ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചും ബജറ്റിൽ വ്യക്തതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിവ് രീതിയിലുള്ള ഒരു ബജറ്റായി ഇത് മാറിയതായും അദ്ദേഹം വിമർശിച്ചു.

ഇന്ത്യ–അമേരിക്ക വ്യാപാരകരാറിനെയും രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു. യുഎസിന് ആഗോള ശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ നിർണായകമാണെന്നും, എന്നാൽ ഇന്ത്യ സ്വന്തം ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കരാറിന്റെ വ്യവസ്ഥകൾ ഇപ്പോഴും വ്യക്തമല്ലെന്നും രാജ്യത്തെ ദുർഘടമായ ഒരു സമവായത്തിലേക്കാണ് സർക്കാർ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡ്യ സഖ്യം ട്രംപുമായാണ് കരാർ ചർച്ച ചെയ്തിരുന്നെങ്കിൽ ഡാറ്റ സംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലായിരുന്നെന്നും, ഇന്ത്യയെ തുല്യ പങ്കാളിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേനെയെന്നും രാഹുൽ പറഞ്ഞു. കൂടാതെ ഇന്ത്യൻ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ പാകിസ്ഥാനെ പോലെ കാണാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിന്റെ ഭാഗമായി ഡാറ്റ സംബന്ധിച്ച് ഇന്ത്യ വിട്ടുവീഴ്ച ചെയ്തുവെന്നും, നികുതി 3 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർന്നുവെന്നും രാഹുൽ ആരോപിച്ചു. ട്രംപ് മോദി സർക്കാരിനെ വഞ്ചിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. വ്യാപാര കരാറിനെ “മണ്ടത്തരമെന്ന്” വിശേഷിപ്പിച്ച രാഹുൽ, മോദി ഇന്ത്യയെ ട്രംപിന് വിറ്റുവെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു.

ഇതിനിടെ, രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. സഭയിൽ ഭരണ–പ്രതിപക്ഷ വാക്കേറ്റം നടന്നു. അദാനിക്കെതിരായ യുഎസിലെ കേസ് സഭയിൽ ഉയർത്താൻ രാഹുൽ ശ്രമിച്ചെങ്കിലും സ്പീക്കർ അത് തടഞ്ഞു. തെളിവുകളില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കിരൺ റിജിജു മുന്നറിയിപ്പ് നൽകി. രാഹുലിന്റെ ചില പരാമർശങ്ങൾ രേഖകളിൽ ഉൾപ്പെടുത്തില്ലെന്നും സ്പീക്കർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img