02:31pm 19 June 2026
NEWS
രാഹുൽ ഗാന്ധി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി; കർണാടക മുഖ്യമന്ത്രി താൻ തന്നെയെന്ന് സിദ്ധരാമയ്യ
12/07/2025  11:36 AM IST
വിഷ്ണുമംഗലം കുമാർ
രാഹുൽ ഗാന്ധി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി; കർണാടക മുഖ്യമന്ത്രി താൻ തന്നെയെന്ന് സിദ്ധരാമയ്യ

ഇത്തവണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം വന്നത് ഡൽഹിയിൽ നിന്നാണ്. " നേതൃമാറ്റ ചർച്ചയൊന്നുമില്ല. നിലവിൽ ഞാൻ മുഖ്യമന്ത്രിയാണ്. ഹൈക്കമാണ്ട് മറിച്ചൊരു തീരുമാനമെടുക്കുന്നില്ലെങ്കിൽ കാലാവധി പൂർത്തിയാകും വരെ ഞാൻ തൽസ്ഥാനത്ത് തുടരും" അദ്ദേഹം പറഞ്ഞു. "നിയമസഭാകക്ഷിയിൽ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണയില്ല. അദ്ദേഹത്തോട് അടുപ്പമുള്ള ചിലർ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷെ ഭൂരിപക്ഷം നിയമസഭാകക്ഷി അംഗങ്ങളും ഹൈക്കമാണ്ടും തീരുമാനിക്കാതെ ആർക്കും മുഖ്യമന്ത്രിയാകാനാകില്ല. ശിവകുമാർ ആകട്ടെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ല" ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരെ ഇരുനേതാക്കളും ഒന്നിച്ചാണ് കണ്ടത്. എന്നാൽ ശിവകുമാർ പ്രിയങ്ക ഗാന്ധിയെ സന്ദർശിച്ചത് തനിച്ചാണ്. എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, എ ഐ സിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല എന്നിവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒന്നിച്ചുകണ്ടു. സംസ്ഥാനത്തെ ഒഴിവുള്ള കോർപറേഷനുകളിലും ബോർഡുകളിലും തലവന്മാരെ നിശ്ചയിക്കാൻ ഹൈക്കമാണ്ട് അനുമതി നൽകിയിട്ടുണ്ട്. രണ്ടുദിവസം ഡൽഹിയിൽ തുടർന്ന സിദ്ധരാമയ്യയും ശിവകുമാറും രാഹുൽ ഗാന്ധിയുടെ അപ്പോയ്ന്റ്മെന്റ് പ്രത്യേകം പ്രത്യേകമാണ് തേടിയത്. ബീഹാറിൽ നിന്ന് തിരിച്ചെത്തിയിരുന്നെങ്കിലും കർണാടകത്തിൽ നേതൃമാറ്റം ചർച്ചയാകുന്ന സാഹചര്യത്തിൽ, അഭ്യൂഹം ശക്തിപ്പെടുമെന്ന് കരുതിയാകണം രണ്ടു നേതാക്കൾക്കും രാഹുൽ സന്ദർശനാനുമതി നൽകിയില്ല. സിദ്ധരാമയ്യ രാഹുലുമായി ഫോണിൽ സംസാരിച്ചതായി സൂചനയുണ്ട്. വൻ സമ്മർദ്ദം ഉണ്ടായിട്ടും സിദ്ധരാമയ്യയെ മുഖ്യമന്ത്രിപദവിയിൽ തുടരാൻ സഹായിക്കുന്നത് രാഹുലിന്റെ ഉറച്ച പിന്തുണയാണ്. അതുകൊണ്ടാണ് താൻ തന്നെയാണ് മുഖ്യമന്ത്രിയെന്ന് ഡൽഹിയിൽ വെച്ച് പ്രഖ്യാപിക്കാൻ സിദ്ധരാമയ്യയ്ക്ക് ധൈര്യം പകർന്നത്. ശിവകുമാറിനെ വെറുപ്പിക്കേണ്ട എന്ന് കരുതിയാകണം ഇരുവരെയും കാണുന്നതിൽ നിന്നും രാഹുൽ ഗാന്ധി തന്ത്രപൂർവ്വം ഒഴിവായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img