
ഇന്ത്യന്‍ സൈന്യത്തിനെതിരായ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയിടെ സുപ്രധാന നിരീക്ഷണം. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെയാണ് രാഹുൽ ഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഈ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്, കൂടാതെ ഏതെങ്കിലും വ്യക്തിക്കോ ഇന്ത്യന്‍ സൈന്യത്തിനോ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി രാഹുലിന്റെ ഹര്‍ജി തള്ളിയത്.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവയുടെ പരാതിയിലായിരുന്നു ലഖ്‌നൗ കോടതി നടപടി. 2022 ഡിസംബറില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തിനെതിരെ ഹീനമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 'അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം നമ്മുടെ സൈനികരെ തല്ലിച്ചതയ്ക്കുകയാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഒരു ചോദ്യവും ചോദിക്കില്ല' രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.











