03:01am 01 May 2026
NEWS

രാജ്യ‌ത്ത് തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടന്നെന്ന് രാഹുൽ ​ഗാന്ധി

07/08/2025  03:46 PM IST
nila
 രാജ്യ‌ത്ത് തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടന്നെന്ന് രാഹുൽ ​ഗാന്ധി
HIGHLIGHTS

വോട്ടർമാരിൽ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളത്.

ഏഴുപതും എൺപതും വയസ്സുള്ളവർ കന്നിവോട്ടർമാരായി.

വീട്ടുനമ്പർ രേഖപ്പെടുത്തേണ്ടിടത്ത്‌ ചേർത്തിരിക്കുന്നത് പൂജ്യം എന്നാണ്.

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും ​ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചെന്നാണ് രാഹുൽ ​ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ​ഗുരുതരമായ ആരോപണവും രാഹുൽ ​ഗാന്ധി ഉയർത്തുന്നു. ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകാറുണ്ടെന്നും പുൽവാമയും ഓപ്പറേഷൻ സിന്ദൂറും ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി പറഞ്ഞു.

തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ  വീഡിയോ വാളിൽ പ്രദർശിപ്പിച്ചായിരുന്നു രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം. വ്യാജവിലാസങ്ങളിൽ വൻതോതിൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്നും ഒരേ വിലാസത്തിൽ തന്നെ നിരവധി വോട്ടർമാരുണ്ടെന്നും ഒരാൾക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നതായും രാഹുൽ ​ഗാന്ധി ആരോപിക്കുന്നു. വോട്ടർപട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുൽ ​ഗാന്ധി പ്രദർശിപ്പിച്ചു

ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻതോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുൽ അവകാശപ്പെട്ടു. ബാംഗ്ലൂർ സെൻട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളിൽ കോൺഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാൽ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോൾ 35,000 വോട്ടിന് ബിജെപി സ്ഥാനാർഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തിൽ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് സർവത്ര തിരിമറിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്‌. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ വ്യാജമാണെന്നും രാഹുൽ ആരോപിച്ചു.

വോട്ടർമാരിൽ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണുള്ളത്. ഏഴുപതും എൺപതും വയസ്സുള്ളവർ കന്നിവോട്ടർമാരായി. വീട്ടുനമ്പർ രേഖപ്പെടുത്തേണ്ടിടത്ത്‌ ചേർത്തിരിക്കുന്നത് പൂജ്യം എന്നാണ്. ഇങ്ങനെ വോട്ടർപട്ടിക ചൂണ്ടിക്കാട്ടിയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്

അഞ്ച് വിധത്തിലാണ് മഹാദേവപുരയിൽ വ്യാജ വോട്ടുകൾ ചേർത്തതെന്നാണ് രാഹുൽ പറയുന്നത്. ഇതിൽ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തിൽ 40,009 വോട്ടർമാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തിൽ ഇങ്ങനെ 10,452 വോട്ടർമാരെ ചേർത്തു. വ്യാജ ഫോട്ടോയിൽ 4132 വോട്ടർമാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉൾപ്പെടുത്തിയെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു.

മഹാരാഷ്ട്രയിൽ, അഞ്ച് വർഷം കൊണ്ട് ഉണ്ടായതിനേക്കാൾ കൂടുതൽ വോട്ടർമാരെ 5 മാസം കൊണ്ട് പുതുതായി ചേർത്തതും, വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ വോട്ടർ പട്ടികയിൽ സംശയകരമായ വോട്ടർമാരുടെ വർധനയും കുതിച്ചു ചാട്ടവും സംശയകരമാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടെന്നും രാഹുൽ ആരോപിച്ചു. തെളിവുകൾ ഇല്ലാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നതായും രാഹുൽ ആരോപിച്ചു.

വോട്ടർപട്ടികയുടെ ഇലക്ടോണിക് ഡാറ്റ നൽകാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു. 'നിങ്ങൾ രണ്ടുതവണ വോട്ട് ചെയ്തോ എന്നോ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ രണ്ടുതവണയുണ്ടോ എന്നോ എനിക്ക് കണ്ടെത്തണമെങ്കിൽ, നിങ്ങളുടെ ചിത്രമെടുത്ത് ഈ ഓരോ കടലാസുമായി ഒത്തുനോക്കേണ്ടി വരും. ഇതാണ് അതിലെ നടപടിക്രമം, ഇത് വളരെ മടുപ്പിക്കുന്ന ഒരു പ്രക്രിയയുമാണ്. ഒന്നിലധികം സീറ്റുകളിൽ ഇത് ചെയ്യാമെന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്, എന്നാൽ ഈ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇലക്ട്രോണിക് ഡാറ്റ നൽകാത്തതെന്ന് മനസ്സിലായത്. കാരണം, ഞങ്ങൾ ഇത് സൂക്ഷ്മമായി പരിശോധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഈ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങൾക്ക് ആറുമാസം വേണ്ടിവന്നു.. തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങൾക്ക് ഇലക്ട്രോണിക് ഡാറ്റ നൽകിയിരുന്നെങ്കിൽ, ഇതിന് 30 സെക്കൻഡ് മതിയാകുമായിരുന്നു. വിവരങ്ങൾ വിശകലനം ചെയ്യപ്പെടാതിരിക്കാനാണ് ഞങ്ങൾക്ക് ഈ രൂപത്തിൽ അവ നൽകുന്നത്' രാഹുൽ പറഞ്ഞു.

അതുകൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ളവരല്ല, അതിനെ സംരക്ഷിക്കാനുള്ളവരാണ്. ഈ വിവരങ്ങളെല്ലാം ഇപ്പോൾ തെളിവുകളാണ്. കർണാടകയിലെ വിവരങ്ങൾ മാത്രമല്ല, രാജ്യത്തെ ഓരോ വോട്ടർ പട്ടികയും തെളിവാണ്. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ഒരു കുറ്റകൃത്യമാണ്. ഇതൊരു നിയമസഭാമണ്ഡലത്തിലെ കുറ്റകൃത്യത്തിന്റെ മാത്രം തെളിവാണ്. ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്, രാജ്യത്തുടനീളം, ഓരോ സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം വളരെ വലിയ തോതിൽ നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിനാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം സിസിടിവി ദൃശ്യങ്ങളും വോട്ടർ പട്ടികയും ഇപ്പോൾ ഒരു കുറ്റകൃത്യത്തിന്റെ തെളിവുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ, അത് നശിപ്പിക്കാനുള്ള തിരക്കിലുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img