
ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കാണാനില്ല’ എന്ന സന്ദേശവുമായി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഞായറാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, പോസ്റ്ററുകൾ സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ ചൊല്ലി ബിജെപി തുടർച്ചയായി വിമർശനം ഉയർത്തുന്നതിനിടെയാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും രാഹുലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എന്നതിലുപരി ‘ലീഡർ ഓഫ് പര്യടൻ ആൻഡ് പാർട്ടിയിങ്’ ആണെന്നാണ് അദ്ദേഹം പരിഹസിച്ചത്.
രാജ്യമോ പാർലമെന്റോ ജനങ്ങളോ അല്ല, യാത്രകളാണ് രാഹുൽ ഗാന്ധിയുടെ മുൻഗണനയെന്നും, കോൺഗ്രസിന് നേതൃത്വം ആവശ്യമായ സമയങ്ങളിൽ അദ്ദേഹം വിദേശത്തേക്ക് പോകാറുണ്ടെന്നും ഷെഹ്സാദ് ആരോപിച്ചു. പാർലമെന്റ് സമ്മേളന കാലത്തുപോലും അദ്ദേഹം അവധിക്കാല മനോഭാവത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 9,000-ലേറെ ദിവസം രാജ്യത്തെ സേവിച്ചുവെന്നും, അതേസമയം വിദേശയാത്രകളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കാനുള്ള റെക്കോർഡ് രാഹുൽ ഗാന്ധിക്കാകാമെന്നും ഷെഹ്സാദ് പൂനാവാല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾക്കുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉയർത്തി. വിദേശയാത്രകൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്നും, അതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടില്ലെന്നും ആരോപിച്ച ഷെഹ്സാദ്, ഇന്ത്യാവിരുദ്ധ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ പിന്തുണയാണ് ഈ യാത്രകൾക്കു പിന്നിലെന്നും തെളിവുകൾ പുറത്തുവെക്കാതെയാണ് ആരോപണം ഉന്നയിച്ചത്.










