02:36pm 12 November 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടെന്ന് രാഹുൽ ഈശ്വർ
06/01/2026  12:33 PM IST
nila
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള സാധ്യത തുറന്നുപറഞ്ഞ് രാഹുൽ ഈശ്വർ. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് സമീപിച്ചതായി അദ്ദേഹം അറിയിച്ചു. മധ്യകേരളത്തിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ തയ്യാറാണോയെന്ന് ചോദിച്ചെന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തി. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളാണ് പരിഗണനയിൽ വന്നതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുമ്പ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അത് സാധാരണ മലയാളികളുടെ പ്രതീക്ഷയാണെന്നും കേരളത്തിന്റെ വികസനത്തിന് അതാണ് അനുയോജ്യമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മതസൗഹാർദവും ഐക്യവുമാണ് തന്റെ രാഷ്ട്രീയ ലക്ഷ്യമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ചിന്തകൾ വാക്കുകളിൽ മാത്രമല്ല, ജീവിതശൈലിയിലും വസ്ത്രധാരണത്തിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ, രാഹുൽ ഈശ്വറിനെതിരെ നിയമനടപടികളും മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത വീണ്ടും പരാതി നൽകിയിട്ടുണ്ട്. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

പരാതി പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് കൈമാറിയതിനെ തുടർന്ന്, തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img