
നടി തൃഷയെ സംബന്ധിച്ച വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. തൃഷയ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശവും പങ്കുവെച്ചു. ഏറ്റവും വലിയ സ്ത്രീ വിരുദ്ധതയാണ് ഉദയനിധിയുടേത് എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. എന്നാൽ, നിരന്തരം സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ രാഹുൽ ഈശ്വറിന് ഇത്ര പെട്ടെന്ന് എന്തുകൊണ്ടാണ് സ്ത്രീകളുടെ അന്തസും അഭിമാനവും ആഭിജാത്യവുമെല്ലാം കാത്തുസൂക്ഷിക്കണമെന്ന് തോന്നിയത്? അത് സ്ത്രീകളോടുള്ള സ്നേഹമല്ല, മറിച്ച്, സനാതന ധർമ്മത്തോടുള്ള അഭിനിവേശത്തിന്റെ സാക്ഷ്യം പറച്ചിൽ മാത്രമാണ്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുമ്പ് രാഹുൽ ഈശ്വർ നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണ്. അതിനാൽ ഇപ്പോൾ സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസത്തോളമാണ് രാഹുൽ ഈശ്വർ ജയിലിൽ കിടന്നത്. അതുമാത്രമല്ല, ചാനൽ ചർച്ചകളിലും മറ്റ് വീഡിയോകളിലുമെല്ലാം സ്ത്രീ വിരുദ്ധത തന്നെയാണ് രാഹുൽ ഈശ്വറിന്റെ മുഖമുദ്ര. ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന മനുവചനം ആപ്തവാക്യമായി സ്വീകരിക്കുന്ന, ഒരു സ്വയം പ്രഖ്യാപിത ആഢ്യബ്രാഹ്മണന് അങ്ങനെയാകാതെ തരമില്ലല്ലോ..
പിന്നെയെന്ത് കൊണ്ട് പെട്ടെന്ന് ഒരു സ്ത്രീ സ്നേഹം?
രാഹുൽ ഈശ്വറിനെ അറിയാവുന്ന ആരിലും ഉയരുന്ന ചോദ്യമാണിത്. തൃഷയും രാഹുൽ ഈശ്വറും ബ്രാഹ്മണരായതിനാൽ ജാതി സ്നേഹമാകാം എന്ന് വിശദീകരിക്കുന്നവരുണ്ട്. ജാതി സ്നേഹം കാണുമായിരിക്കാം. എന്നാൽ, അതിലുമുപരി ഉദയനിധി സ്റ്റാലിനെതിരായ പകയാണ് രാഹുൽ ഈശ്വറിന്റെ ഇപ്പോഴത്തെ സ്ത്രീ സ്നേഹത്തിന് പിന്നിൽ.
ഉദയനിധി സ്റ്റാലിൻ മുമ്പ് നടത്തിയ സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ രാഹുൽ ഈശ്വർ നിരന്തരം വിമർശനം ഉന്നയിക്കുന്നത് എന്നു വേണം കരുതാൻ. താനൊരു സനാതാന ഹിന്ദുവാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാൻ രാഹുൽ ഈശ്വർ മടികാണിച്ചിട്ടില്ല. ഏതെങ്കിലുനൊരു പാർട്ടിയുടെയോ സമുദായത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ വക്താവല്ല രാഹുൽ ഈശ്വർ. എന്നിട്ടും ചാനൽ ചർച്ചകളിൽ ഈ സ്വയം പ്രഖ്യാപിത ആഢ്യ സനാതനി സ്ഥിരം സാന്നിധ്യമാണ്. ഇതിനിടെ, സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം രാഹുൽ ഈശ്വറിനെയും ചൊടിപ്പിച്ചിരുന്നു. അവസരം കിട്ടിയപ്പോൾ ഇരിക്കട്ടെ എന്റെ വകയും രണ്ട് തല്ല് എന്ന മട്ടിൽ സ്ത്രീ സംരക്ഷക കുപ്പായം എടുത്തണിഞ്ഞു എന്നുമാത്രം.
സനാതന ധർമ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ”ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. സനാതന ധർമ്മത്തിന്റെ കേരളത്തിലെ മനുഷ്യരൂപമാണ് താനെന്ന് വിശ്വസിക്കുന്നയാളാണ് രാഹുൽ ഈശ്വർ. അതുകൊണ്ട് തന്നെ ഉദയനിധിയുടെ പരാമർശം രാഹുൽ ഈശ്വറിനെ എത്രമാത്രം ചൊടിപ്പിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ പകയുടെ ഉപോത്പന്നം മാത്രമാണ് രാഹുൽ ഈശ്വറിന്റെ ഇപ്പോഴത്തെ സ്ത്രീപക്ഷ നിലപാട്.











