
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഭൗതിക സാന്നിധ്യമില്ലാത്ത ഛായാഗ്രഹങ്ങളാണെങ്കിലും ഇവയുടെ രാശിമാറ്റം വ്യക്തികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷ വിശ്വാസം. ഏകദേശം 18 മാസത്തിലൊരിക്കൽ രാശി മാറുന്ന രാഹുവിന്റെയും കേതുവിന്റെയും സംക്രമണഫലങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
അപ്രതീക്ഷിത മാറ്റങ്ങൾ, ആഗ്രഹങ്ങൾ, വിദേശബന്ധങ്ങൾ, പുതിയ സാധ്യതകൾ എന്നിവയുമായി രാഹുവിനെ ബന്ധപ്പെടുത്തുമ്പോൾ ആത്മീയചിന്ത, വിരക്തി, ആന്തരിക തിരിച്ചറിവ് എന്നിവയാണ് കേതുവിന്റെ സ്വാധീനമേഖലകളായി പറയപ്പെടുന്നത്.
നിലവിൽ രാഹു കുംഭത്തിലും കേതു ചിങ്ങത്തിലുമാണ് സഞ്ചരിക്കുന്നത്. ഡിസംബർ 5ന് രാത്രി 10.32ന് രാഹു മകരരാശിയിലേക്കും കേതു കർക്കടക രാശിയിലേക്കും പ്രവേശിക്കും. അടുത്ത ഒന്നര വർഷത്തോളം ഈ രാശികളിൽ തുടരുന്ന ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാർക്ക് തൊഴിൽ, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയിൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷ പ്രവചനം.
ഈ രാശിമാറ്റം നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന നാല് രാശികൾ ഏതൊക്കെയെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് രാഹു-കേതു സംക്രമണം അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കും. ഏറെക്കാലമായി പൂർത്തിയാകാതെ കിടക്കുന്ന വീട് നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാകാൻ സാധ്യതയുണ്ട്. ജോലി തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കും. വിദേശത്ത് പഠിക്കാനും ജോലി നേടാനും ശ്രമിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകൾ ലഭിക്കാം. ആത്മീയവും മതപരവുമായ കാര്യങ്ങളോടുള്ള താൽപ്പര്യം വർധിക്കാനും സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഈ ഗ്രഹമാറ്റം തൊഴിൽപരമായും മത്സരരംഗത്തും നേട്ടങ്ങൾ നൽകുമെന്നാണ് പ്രവചനം. ആറാം ഭാവത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ശത്രുക്കളെയും പ്രതിസന്ധികളെയും നേരിടാനുള്ള കരുത്ത് വർധിപ്പിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. മത്സരപ്പരീക്ഷകൾക്കും മറ്റ് നിർണായക പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് പരിശ്രമത്തിന് അനുസരിച്ചുള്ള ഫലം ലഭിച്ചേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് രാഹുവിന്റെ മൂന്നാം ഭാവത്തിലെ സഞ്ചാരം ആത്മവിശ്വാസവും പ്രവർത്തനശേഷിയും വർധിപ്പിക്കുമെന്ന് കരുതപ്പെടുന്നു. ജോലിയിൽ പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവന്നേക്കാം. സംരംഭകത്വ രംഗത്തുള്ളവർക്ക് പുതിയ ആശയങ്ങൾ നടപ്പാക്കാനും ബിസിനസ് വളർത്താനും അവസരമുണ്ടാകും. പുതിയ വ്യക്തികളുമായുള്ള പരിചയങ്ങളും ബന്ധങ്ങളും ഭാവിയിലെ വളർച്ചയ്ക്ക് സഹായകരമായേക്കും.
കന്നി
കന്നി രാശിക്കാർക്ക് വരുമാനത്തിലും തൊഴിൽരംഗത്തും പുരോഗതിക്ക് സാധ്യതയുള്ള കാലഘട്ടമായിരിക്കാം ഇത്. പതിനൊന്നാം ഭാവത്തിലെ കേതുവിന്റെ സഞ്ചാരം നേട്ടങ്ങൾക്കും ആഗ്രഹസാഫല്യത്തിനും സഹായകമാകുമെന്നാണ് ജ്യോതിഷ വിലയിരുത്തൽ. വരുമാനത്തിന്റെ പുതിയ വഴികൾ കണ്ടെത്താനും ജോലിയിൽ ഉയർച്ച നേടാനും അവസരങ്ങൾ ലഭിച്ചേക്കാം. മുൻകാല നിക്ഷേപങ്ങളിൽനിന്ന് സാമ്പത്തിക നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.










