
തമിഴിലെ മുൻനിര നടനും, സംവിധായകനും, നൃത്ത സംവിധായകനുമായ രാഘവ ലാറൻസ് അഭിനയിച്ച്, സംവിധാനം ചെയ്ത 'കാഞ്ചന' എന്ന സിനിമ 2011-ൽ റിലീസായി വമ്പൻ വിജയമായി. ഇതിൻ്റെ തുടർച്ചയായി 2015-ൽ 'കാഞ്ചന-2', 2019-ൽ 'കാഞ്ചന-3' എന്നിവയും റിലീസായി ആരാധകരെ ഏറെ ആകർഷിക്കുകയുണ്ടായി. ഇങ്ങിനെ തുടർച്ചയായി ഹൊറർ കോമഡി ജാനറിൽ മൂന്ന് ഭാഗങ്ങൾ പുറത്തുവന്നു വിജയിച്ചതിനെ തുടർന്ന് ഇപ്പോൾ അതിന്റെ നാലാം ഭാഗം ഒരുക്കി വരികയാണ് രാഘവ ലാറൻസ്. ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം വളരെ വൈകിയാണ് തുടങ്ങിയത്.
രാഘവ ലാറൻസ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഘവ ലാറൻസിനൊപ്പം പൂജാ ഹെക്ടേ, ബോളിവുഡ് താരം നോറ പതേഹി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മുക്കാൽ ഭാഗം ചിത്രീകരണം കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഇതിനോടനുബന്ധിച്ച് രാഘവ ലാറൻസ് ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഈ നാലാം ഭാഗം ഇതിന് മുൻപ് വന്ന മൂന്ന് ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്നും, ഇത് 'കാഞ്ചന' സീരീസിലെ അവസാന ഭാഗവുമായിരിക്കുമെന്നുള്ള റിപ്പോർട്ടും പുറത്തുവിട്ടിട്ടുണ്ട്. അതോടൊപ്പം ഈ വർഷത്തിനുള്ളിൽ തന്നെ ചിത്രം റിലീസ് ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട് രാഘവ ലാറൻസ്.
Photo Courtesy - Google










