10:26pm 07 November 2026
NEWS
സംസ്ഥാനത്ത് റാഗിംഗ് വേണ്ടേ വേണ്ട: നിയമം ശക്തമായി നടപ്പാക്കുക
28/06/2025  09:27 AM IST
സുരേഷ് വണ്ടന്നൂർ
സംസ്ഥാനത്ത് റാഗിംഗ് വേണ്ടേ വേണ്ട: നിയമം ശക്തമായി നടപ്പാക്കുക

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിംഗ് നേരിടേണ്ടി വന്ന വാർത്തകൾ അതീവ ഗൗരവതരമാണ്. കഴിഞ്ഞ അധ്യയന വർഷവും നിരവധി റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ, ഈ വർഷവും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയായി കണക്കാക്കണം. നിലവിലുള്ള റാഗിംഗ് വിരുദ്ധ നിയമങ്ങൾ ശക്തമായി നടപ്പാക്കുകയും കൃത്യമായ ബോധവൽക്കരണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ റാഗിംഗ് സംഭവവും ഇത് അടിവരയിടുന്നു.

കണ്ണൂരിൽ തുടരുന്ന റാഗിംഗ് സംഭവങ്ങൾ

കണ്ണൂരിൽ ഈ അധ്യയന വർഷം ഇതുവരെ രണ്ട് റാഗിംഗ് കേസുകളാണ് പോലീസിന് മുന്നിലെത്തിയിട്ടുള്ളത്. എന്നാൽ, പല സംഭവങ്ങളും സ്കൂളുകളിൽ ഒതുക്കിത്തീർക്കുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കാമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് പഴയങ്ങാടി മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു പ്ലസ് വൺ വിദ്യാർത്ഥിയെ മൂന്ന് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ശുചിമുറിയിൽ വച്ച് ടീ ഷർട്ടും ഷൂസും ധരിച്ചതിനെച്ചൊല്ലിയായിരുന്നു മർദ്ദനം. ഈ സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സമാനമായ മറ്റൊരു സംഭവം ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഇവിടെ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദനമേറ്റ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. സ്കൂളിന് പുറത്തുവെച്ചാണ് മർദ്ദനമേറ്റതെന്ന് രക്ഷിതാക്കൾ എടക്കാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. മറ്റ് ചില സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റാഗിംഗ് നടന്നുവെങ്കിലും ആരും പോലീസിൽ പരാതി നൽകിയിട്ടില്ല.

നടപടിയെടുക്കാത്തതിന്റെ കാരണങ്ങൾ

റാഗിംഗിനെതിരെ ശക്തമായ നിയമം നിലവിലുണ്ടായിട്ടും അത് നടപ്പാക്കാൻ കഴിയാത്തതിന് പല കാരണങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രശസ്തി നഷ്ടപ്പെടുമോ എന്ന ഭയം, രാഷ്ട്രീയക്കാരുടെയും അധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി യൂണിയനുകളുടെയും ഇടപെടലുകൾ, കുട്ടികളുടെ ഭാവിക്ക് കോട്ടം തട്ടുമോ എന്ന ആശങ്ക എന്നിവയെല്ലാം ശക്തമായ നടപടികളിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നു. നിയമം നടപ്പാക്കുന്നതിൽ നിന്നുള്ള ഇത്തരം പിൻവലിയലുകൾ സമൂഹത്തെ കാര്യമായി ബാധിക്കുമെന്നത് ഓരോ വർഷത്തെ ക്രൂരസംഭവങ്ങളും തെളിയിക്കുന്നു.

കഴിഞ്ഞ അധ്യയന വർഷവും ജില്ലയിൽ വ്യാപകമായി പ്ലസ് വൺ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ക്ലാസുകൾ ആരംഭിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ നിരവധി പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലെത്തിയിരുന്നു. അന്ന് ചർച്ചകളും നിർദ്ദേശങ്ങളും അധികൃതർ മുന്നോട്ട് വെച്ചിരുന്നെങ്കിലും, ഈ വർഷത്തെ സംഭവങ്ങളോടെ അതൊന്നും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്. പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ നിലത്തിട്ട് ചവിട്ടി കൈയൊടിച്ചത് കഴിഞ്ഞ വർഷമായിരുന്നു. രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ചതിന് 21 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതും പോയ അധ്യയന വർഷത്തിലായിരുന്നു. പല പ്രധാനാധ്യാപകരും റാഗിംഗ് കണ്ടില്ലെന്ന് നടിക്കുന്നതായും പരാതിയുണ്ട്. റാഗിംഗിൽ നടപടിയെടുക്കാൻ സ്കൂൾ അധികൃതർ വീഴ്ച കാണിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കർശനമായ നിയമങ്ങൾ

ശാരീരികമായി ഉപദ്രവിക്കുക, മാനസിക പീഡനം, അപമാനിക്കുക, പരിഹസിക്കുക, തമാശകൾ കാണിക്കുക, സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക എന്നിവയെല്ലാം റാഗിംഗിന്റെ പരിധിയിൽ വരും. റാഗിംഗ് നിരോധിക്കുന്നതിനായി 1998-ൽ കേരള സർക്കാർ റാഗിംഗ് വിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ രണ്ടുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാം. റാഗിംഗിൽ പങ്കെടുത്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കാനും തുടർന്ന് പഠനം തുടരാൻ അനുമതിയില്ലാതാകാനും സാധ്യതയുണ്ട്.

ആകെ 9 വകുപ്പുകൾ മാത്രമേ നിയമത്തിൽ പറയുന്നുള്ളൂവെങ്കിലും അതിൽ വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. റാഗിംഗ് നേരിടേണ്ടി വന്നാൽ വിദ്യാർത്ഥിയോ മാതാപിതാക്കളോ രക്ഷിതാവോ അധ്യാപകനോ ആണ് പരാതി നൽകേണ്ടത്. ഏത് സ്ഥാപനത്തിൽ വച്ചാണോ സംഭവിച്ചിരിക്കുന്നത് ആ സ്ഥാപനത്തിന്റെ തലവൻ അഥവാ ഹെഡ് ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷനാണ് പരാതി നൽകേണ്ടത്. ഹെഡ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻ എന്നത് പ്രിൻസിപ്പലോ, പ്രധാനാധ്യാപകനോ അല്ലെങ്കിൽ ആ ഇൻസ്റ്റിറ്റ്യൂഷന്റെ ചുമതലയുള്ള ഏതെങ്കിലും ഒരു വ്യക്തിക്കോ ആണ് എന്നത് ഈ നിയമത്തിന്റെ വകുപ്പ് 2(a) വ്യക്തമാക്കുന്നു.

ആന്റി റാഗിംഗ് സ്ക്വാഡുകൾ നിർബന്ധം

കോളേജുകളും സ്കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് ചട്ടം. സ്ഥാപന മേധാവി അധ്യക്ഷനായ കമ്മിറ്റിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികൾ വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും കമ്മിറ്റിയിൽ ഉണ്ടാവണം. റാഗിംഗ് പരാതി വന്നാൽ കമ്മിറ്റി പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം പോലീസിൽ അറിയിക്കണമെന്നാണു ചട്ടം.

ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും ആന്റി റാഗിംഗ് സ്ക്വാഡുകൾ നിലവിൽ നിർജ്ജീവമാണ്. പേരിന് സമിതി രൂപീകരിക്കുന്നത് ഒഴിച്ചാൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എവിടെയും കാര്യക്ഷമമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img