
ഡോ. പി.സരിനെതിരെ ഗുരുതര ആരോപണമുയർത്തി ട്രാൻസ് വുമണും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. ‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്ന മുഖവുരയോടെയായിരുന്നു രാഗ രഞ്ജിനിയുടെ കുറിപ്പ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കടന്നാക്രമിച്ച് പി സരിൻ രംഗത്തെത്തിയപ്പോൾ സരിനെതിരെ വലിയരീതിയിൽ സൈബർ ആക്രമണമുണ്ടായിരുന്നു. ‘തോറ്റ എംഎൽഎ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’ എന്ന സോഷ്യൽ മീഡിയ പരിഹാസത്തിന് മറുപടിയുമായി സൗമ്യ സരിനും രംഗത്തെത്തിയിരുന്നു. ‘എൻറെ ഭർത്താവ് തോറ്റിട്ടുണ്ട്. എന്നാൽ മാന്യമായി പകൽ വെളിച്ചത്തിലാണ് തോറ്റത്.’ അദ്ദേഹം കാരണം തനിക്ക് എവിടേയും തല കുനിക്കേണ്ടി വന്നിട്ടില്ലെന്നും സൗമ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്നൊരു കുറിപ്പുമായി രാഗ രഞ്ജിനി രംഗത്ത് എത്തിയത്.
കാസർകോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം. പോസ്റ്റ് വൈറലായതിന് പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫെയ്സ്ബുക്കിൽ നിന്ന് നീക്കി. തുടർന്ന് വിശദീകരണ കുറിപ്പും എഴുതി.
‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിന് പോകാൻ വീട്ടുകാർ സമ്മതിക്കില്ല’ എന്നാണ് കുറിപ്പ്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രാഗ രഞ്ജിനി രംഗത്ത് വന്നിരുന്നു. ‘ഒരു സുപ്രഭാതത്തിൽ സിപിഐഎം വേട്ടപ്പട്ടികൾക്കും ബിജെപി തെമ്മാടികൾക്കും ചുമ്മാ വെട്ടി കീറാൻ ഇട്ടുകൊടുക്കാൻ മനസ്സില്ല’ എന്നായിരുന്നു രാഹുൽ അനുകൂല പോസ്റ്റ്.











