
ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈനിക നീക്കം ആരംഭിച്ചെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി റഫാ നഗരം പൂർണമായി ഇസ്രയേൽ സൈന്യം വളഞ്ഞു. പലസ്തീനികളോട് ഗാസ വിട്ടുപോകാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് ആവശ്യപ്പെട്ടു, പലസ്തീനികളുടെ പലായനത്തിനായി സുരക്ഷാ ഇടനാഴിയൊരുക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യവും വ്യക്തമാക്കി.
അതേസമയം, ഗാസ പൂർണമായും പിടിച്ചെടുത്താലും ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു. ഗാസയിൽ പൂർണമായും ഇസ്രയേൽ സൈനികരുടെ പട്രോളിംഗ് ഉടനുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇതിനിടെ, ഹമാസ് സായുധവിഭാഗമായ ഖാസം ബ്രിഗേഡ് ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ ഹമാസ് പുറത്തുവിട്ടു. ഇസ്രയേൽ–യുഎസ് പൗരത്വമുള്ള ഈഡൻ അലക്സാണ്ടറുടെ വീഡിയോയാണ് ഹമാസ് പുറത്തുവിട്ടത്. തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേൽ സർക്കാരിനെ ഈഡൻ അലക്സാണ്ടർ വീഡിയോയിൽ വിമർശിക്കുന്നുണ്ട്. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രയേൽ കടന്നാൽ ഈഡനെ മോചിപ്പിക്കാമെന്ന് ഹമാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.











