
ദോഹ:ലോകമെമ്പാടുമുള്ള അറബി സാഹിത്യ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷനും സ്‌പെയിനിലെ ഗ്രാനഡ സർവകലാശാലയും സംയുക്തമായി ഏർപ്പെടുത്തിയ 'റദ്‌വ ആശൂർ അറബിക് സാഹിത്യ പുരസ്കാര'ത്തിന്റെ രണ്ടാം പതിപ്പിലേക്ക് കൃതികൾ ക്ഷണിച്ചു. മികച്ച അറബി സാഹിത്യസൃഷ്ടികൾ നടത്തുന്ന എഴുത്തുകാർക്ക് തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരു മാസത്തെ സൗജന്യ റൈറ്റിംഗ് റെസിഡൻസി റിട്രീറ്റ് (എഴുത്തുപുര) ആണ് ഈ പുരസ്കാരത്തിലൂടെ ലഭിക്കുക. താല്പര്യമുള്ളവർക്ക് കൃതികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മേയ് 30 ആണ്.
പ്രശസ്ത ഈജിപ്ഷ്യൻ നോവലിസ്റ്റും സാഹിത്യ നിരൂപകയുമായിരുന്ന പ്രൊഫ. റദ്‌വ ആശൂരിന്റെ സ്മരണാർത്ഥം 2024-ലാണ് ഈ അവാർഡ് സ്ഥാപിതമായത്. സാഹിത്യ രംഗത്തെ പ്രമുഖരായ എഴുത്തുകാരും നിരൂപകരും അടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കൃതികളുടെ സാഹിത്യമൂല്യവും എഴുത്തുകാരുടെ ഭാവി പ്രൊജക്ടുകളുടെ മികവും വിലയിരുത്തിയാണ് പുരസ്കാരം നൽകുക.
പുരസ്കാരത്തിന് അർഹരാകുന്നവർക്ക് സ്പെയിനിലെ ഗ്രാനഡയിൽ ഒരു മാസം താമസിച്ച് അന്തലൂഷ്യൻ കൽച്ചറൽ പൈതൃകം നേരിട്ടറിയാനും അവരുടെ എഴുത്തുമായി മുന്നോട്ട് പോകാനുമുള്ള സുവർണ്ണാവസരമാണ് ലഭിക്കുന്നതെന്ന് ഗ്രാനഡ സർവകലാശാലയിലെ പ്രൊഫസറായ ജോസ് മിഗുവൽ പുവർട്ട വിൽചെസ് പറഞ്ഞു.അറബ് സംസ്കാരത്തെയും സാഹിത്യത്തെയും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് ഖത്തർ ഫൗണ്ടേഷന്റെയും ഗ്രാനഡ സർവകലാശാലയുടെയും ഈ സംയുക്ത സംരംഭം.










