04:16pm 17 June 2026
NEWS
ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ​ദുരൂഹത അകലുന്നില്ല
11/07/2025  04:19 PM IST
nila
 ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ​ദുരൂഹത അകലുന്നില്ല

ടെന്നിസ് താരമായ രാധിക യാദവിനെ (25) പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. മകളെ കൊലപ്പെടുത്താൻ ദീപക് യാദവിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല, മകൾ സ്വന്തമായി പണം സമ്പാദിക്കുന്നതും റീൽസുകളിൽ അഭിനയിക്കുന്നതും ഇഷ്ടമില്ലാത്തതിനാലാണ് ദീപക് യാദവ് കൊലനടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, ഈ വാദം പ്രദേശവാസികൾ തള്ളിക്കളയുകയാണ്. പ്രതിമാസം 17 ലക്ഷം രൂപവരെ വരുമാനമുള്ള ദീപക് യാദവ് മകളെ വളരെയേറെ സ്നേഹിച്ചിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. മകളെ ടെന്നീസ് താരമാക്കി മാറ്റിയതും ദീപക്കാണെന്നും നാട്ടുകാർ പറയുന്നു. 

രാധിക ടെന്നീസ് അക്കാദമി നടത്തിയിരുന്നു. ഇതിൽ പിതാവ് അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും ഇക്കാര്യം പറഞ്ഞ് നാട്ടുകാർ കളിയാക്കിയതിലും അസ്വസ്ഥനായിരുന്ന ദീപക് രാധികയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. മകളുടെ വരുമാനത്തിൽ ജീവിക്കുന്നു എന്നു പറഞ്ഞ് നാട്ടുകാർ ദീപക്കിനെ കളിയാക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഗുരുഗ്രാമിലെ ആഡംബര ഫാം ഹൗസുൾപ്പെടെയുള്ള വിവിധ കെട്ടിടങ്ങളിൽനിന്ന് വാടകയിനത്തിൽ പ്രതിമാസം 15 മുതൽ 17 ലക്ഷം രൂപ വരെ ദീപക്കിന് വരുമാനം ലഭിച്ചിരുന്നു. ഇക്കാര്യം നാട്ടുകാർക്കും അറിയാവുന്നതാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 

‘‘ഇത്രയും പണമുള്ളയാൾ മകളുടെ പണത്തിലാണ് ജീവിക്കുന്നതെന്ന് ഗ്രാമത്തിൽ ആരാണ് പറയുക? ദീപക് വിചിത്രസ്വഭാവമുള്ള മനുഷ്യനായിരുന്നു. മകളെ ടെന്നിസ് പഠിപ്പിക്കാനായി അദ്ദേഹം പഠനം വരെ ഉപേക്ഷിച്ചു. 2 ലക്ഷം രൂപയുടെ ടെന്നിസ് റാക്കറ്റാണ് മകൾക്കായി വാങ്ങി നൽകിയിരുന്നത്. മകളെ അയാൾ വളരെയധികം സ്നേഹിച്ചിരുന്നു. കൊലപാതകത്തിനു പിന്നിൽ എന്തെങ്കിലും വ്യക്തിപരമായ കാരണം കാണും. അത് ടെന്നിസോ ടെന്നിസ് അക്കാദമിയോ ഒന്നുമല്ല’’–ദീപക്കിന്റെ അയൽവാസി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 മകൾ ഇൻസ്റ്റഗ്രാമിൽ പതിവായി റീൽസിടുന്നതും ഒരു സംഗീത വിഡിയോയിൽ അഭിനയിച്ചതും ദീപക്കിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം കലഹം നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ഇതോടെ ടെന്നിസ് അക്കാദമി പൂട്ടാൻ ഇയാൾ രാധികയെ നിർബന്ധിച്ചിരുന്നു. സ്വതന്ത്ര കലാകാരൻ ഇനാമിന്റെ കർവാൻ എന്ന സംഗീത ആൽബത്തിലാണ് രാധിക അഭിനയിച്ചത്. സീഷൻ അഹമ്മദ് നിർമിച്ച വിഡിയോ 2024ലാണ് റിലീസായത്. രാധികയ്ക്കൊപ്പം ഇനാമും ഇതിൽ അഭിനയിച്ചിരുന്നു. ഈ വിഡിയോയെ ദീപക് എതിർക്കുകയും സമൂഹമാധ്യമത്തിൽനിന്ന് റീൽസുകൾ ഡിലീറ്റ് ചെയ്യാൻ രാധികയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img