04:29pm 21 September 2026
NEWS
നടി അംബികയ്ക്കെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതി; അഞ്ച് ചെക്കുകൾ കൈക്കലാക്കിയെന്ന് സഹോദരി രാധ


21/09/2026  03:05 PM IST
nila
നടി അംബികയ്ക്കെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതി; അഞ്ച് ചെക്കുകൾ കൈക്കലാക്കിയെന്ന് സഹോദരി രാധ

ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. 46 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് രാധ ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെയാണ് പരാതി.

ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ താൻ ഒപ്പിട്ട് മുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകൾ അംബിക കൈക്കലാക്കി പണം തട്ടിയെടുത്തെന്നാണ് രാധയുടെ പരാതിയിലെ ആരോപണം. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ തട്ടിപ്പ് നടന്നതായി മനസ്സിലായതെന്നും രാധ പൊലീസിനെ അറിയിച്ചു.

ചെന്നൈ എ.ആർ. സ്ട്രീറ്റിലെ വീട്ടിൽ രണ്ട് നിലകളിലായാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായി അഞ്ച് ചെക്കുകളിൽ ഒപ്പിട്ട് മുറിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് രാധ പറയുന്നത്.

ബിസിനസ് ആവശ്യങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കുമായി കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് താൻ പതിവായി യാത്ര ചെയ്യാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ താൻ യാത്രയിലായിരുന്ന സമയത്ത് അംബിക മുറിയിലെത്തി ഒപ്പിട്ട ചെക്കുകൾ കൈവശപ്പെടുത്തിയെന്നാണ് രാധയുടെ ആരോപണം.

പിന്നീട് ഈ ചെക്കുകൾ ഉപയോഗിച്ച് വലിയ തുക കൈമാറിയതായും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും രാധ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img