
ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി രാധ രംഗത്തെത്തിയത്. അഞ്ച് ചെക്കുകൾ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ഇതുസംബന്ധിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. രാധ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വൽസരവാക്കത്തെ വീട്ടിൽ ഓഫിസ് ആവശ്യങ്ങൾക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകളാണ് സഹോദരങ്ങൾ കൈക്കലാക്കിയതെന്നാണ് രാധയുടെ ആരോപണം. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.
അംബികയും മല്ലികാർജുനും സമീപത്തുതന്നെ താമസിക്കുന്നതിനാൽ വീട്ടിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമായിരുന്നുവെന്നും രാധ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ ദുരുപയോഗം ചെയ്താണ് പണം പിൻവലിച്ചതെന്നാണ് ആരോപണം.
എന്നാൽ, രാധയുടെ ആരോപണം തള്ളിക്കൊണ്ട് അംബിക രംഗത്തെത്തി. കുടുംബസ്വത്ത് തർക്കത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പരാതി ഉയർന്നതെന്നാണ് അംബികയുടെ വിശദീകരണം.
ചെന്നൈയിലെ കുടുംബവകയായ ‘എആർഎസ്’ ഗാർഡൻസുമായി ബന്ധപ്പെട്ട തർക്കത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള ചെക്കിനെക്കുറിച്ചാണ് രാധ ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നാണ് അംബിക പറയുന്നത്.
അതേസമയം, രാധയ്ക്കെതിരെ മുൻപും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള രണ്ട് സെന്റും ചെന്നൈയിലെ 47 സെന്റ് ഭൂമിയും 1994 മാർച്ചിൽ തയ്യാറാക്കിയ വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തെന്നായിരുന്നു സഹോദരൻ മല്ലികാർജുന്റെ പരാതി.
നെടുമങ്ങാട് കോടതിയുടെ നിർദേശത്തെ തുടർന്നാണ് വട്ടിയൂർക്കാവ് പൊലീസ് ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നിലെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.











