09:22pm 09 September 2026
NEWS
രവീന്ദ്ര സംഗീതോത്സവം നവംബര്‍ 9ന് കൊച്ചിയില്‍ രവീന്ദ്ര സംഗീതസന്ധ്യ നവംബര്‍ 14ന് തൃശൂരില്‍ രവീന്ദ്ര പുരസ്‌കാരം ഗായിക സുജാത മോഹന്
09/09/2026  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രവീന്ദ്ര സംഗീതോത്സവം നവംബര്‍ 9ന് കൊച്ചിയില്‍ രവീന്ദ്ര സംഗീതസന്ധ്യ  നവംബര്‍ 14ന് തൃശൂരില്‍ രവീന്ദ്ര പുരസ്‌കാരം ഗായിക സുജാത മോഹന്
HIGHLIGHTS

രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രവീന്ദ്ര സംഗീതസന്ധ്യയുടെ കാര്യപരിപാടി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിന്നണി ഗായകന്‍ ബിജു നായണന്‍ വിശദീകരിക്കുന്നു. രവീന്ദ്രന്‍ മാസ്റ്ററുടെ മകന്‍ സാജന്‍ മാധവ്,പത്‌നി ശോഭന, അസീസിയ ഗ്രൂപ്പ് പി.ആര്‍.ഒ ജലീല്‍ താനത്ത് എന്നിവര്‍ സമീപം.

കൊച്ചി : മലയാള ചലച്ചിത്ര സംഗീതശാഖയിലെ അനശ്വര പ്രതിഭ രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ 'രവീന്ദ്ര പുരസ്‌കാര'ത്തിന് പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍ അര്‍ഹയായി. ഭാവസാന്ദ്രമായ ആലാപനശൈലികൊണ്ട് ഇന്ത്യന്‍ സംഗീതഭൂപടത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സുജാതയുടെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതജീവിതത്തെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാധരന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍, ജോണ്‍സണ്‍ മാസ്റ്റര്‍, കെ.എസ്. ചിത്ര തുടങ്ങി സംഗീതലോകത്തെ കുലപതികളായിരുന്നു മുന്‍വര്‍ഷങ്ങളില്‍ രവീന്ദ്ര പുരസ്‌കാരത്തിന് അര്‍ഹരായത്.

മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് ട്രസ്റ്റ് സംഘടിപ്പിക്കുന്ന 21-ാമത് 'രവീന്ദ്ര സംഗീതോത്സവം' നവംബര്‍ ഒന്‍പതിന് തിങ്കളാഴ്ച എറണാകുളം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. രാവിലെ ഒന്‍പതിന്് ആരംഭിച്ച് രാത്രി പത്ത്  വരെ നീളുന്ന 13 മണിക്കൂര്‍ അഖണ്ഡ സംഗീതാര്‍ച്ചനയില്‍ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും ചേര്‍ന്ന് രവീന്ദ്രസംഗീതത്തിന്റെ മാസ്മരിക ഈണങ്ങള്‍ വേദിയില്‍ ആലപിക്കും.

രവീന്ദ്ര സംഗീതസന്ധ്യ നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തൃശ്ശൂര്‍ പഴുവില്‍ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.  ഈ മെഗാ സാംസ്‌കാരിക നിശയില്‍  സുജാത മോഹന് രവീന്ദ്ര പുരസ്‌കാരം സമര്‍പ്പിക്കും. ചടങ്ങില്‍ മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, കല്ലറ ഗോപന്‍, നജീം അര്‍ഷാദ്, സുദീപ് കുമാര്‍, ജ്യോത്സ്‌ന, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും, പ്രശസ്ത നര്‍ത്തകിയും ചലച്ചിത്രതാരവുമായ ആശാ ശരത്, കലാമണ്ഡലം സോഫിയ സുദീപ് എന്നിവരുടെ നൃത്തസമര്‍പ്പണവും നടക്കുമെന്ന് കൊച്ചി പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ പത്‌നി ശോഭന രവീന്ദ്രന്‍, മകനും സംഗീതസംവിധായകനുമായ സാജന്‍ മാധവ്, പ്രശസ്തപിന്നണി ഗായകന്‍ ബിജു നാരായണന്‍, അസീസിയ ഗ്രൂപ്പ് പി.ആര്‍.ഒ ജലീല്‍ താനത്ത് എന്നിവര്‍ അറിയിച്ചു

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img