
മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ ബാലിക പേവിഷബാധയെ തുടർന്ന് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) മരിച്ചത്. തെരുവ് നായ കടിച്ചതിന് പിന്നാലെ കുത്തിവയ്പ്പെടുത്തിരുന്നെങ്കിലും സിയക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്.
മാർച്ച് ഇരുപത്തൊൻപതിനാണ് സിയ അടക്കം 6 പേർക്കു തെരുവ് നായയുടെ കടിയേറ്റത്. 29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പിൽപ്പീടികയിൽ 2 പേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. അന്നു വൈകിട്ട് തന്നെ പട്ടിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
കടിയേറ്റ് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുൻപു പനി വന്നത്. തുടർന്ന് 2 ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിൾ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ചു പേർക്കും അസ്വസ്ഥതകളൊന്നുമില്ല.











