
ഒരു മാസം മുൻപ് തെരുവ്‌നായ കടിച്ച കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്ക് പേവിഷബാധ. കൊല്ലത്തു ചികിത്സയിലായിരുന്ന ഏഴുവയസുകാരിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. വാക്‌സീന്‍ അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് കുട്ടിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.
ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആന്റി റാബിസ് വാക്‌സീന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
മൂന്നു ഡോസ് വാക്‌സീന്‍ എടുത്തു. നാലാം ഡോസ് എടുക്കുന്നതിനു മുന്‍പാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് ആറിനായിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാല്‍ ഏപ്രില്‍ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
മലപ്പുറത്തും തെരുവ് നായയുടെ ആക്രമണത്തിന് വിധേയയായ പെൺകുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. നായ കടിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതിരോധ കുത്തിവെയ്പ്പെടുത്തിട്ടും പെൺകുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. മലപ്പുറത്തെ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.











