04:25am 05 October 2026
NEWS
രാജി പ്രഖ്യാപനം പിൻവലിക്കുമോ? ആർ. ശ്രീലേഖയുമായി ബിജെപി നേതൃത്വം നടത്തിയ ചർച്ചകൾ ഫലം കണ്ടെന്ന് സൂചന
04/10/2026  09:12 AM IST
nila
രാജി പ്രഖ്യാപനം പിൻവലിക്കുമോ? ആർ. ശ്രീലേഖയുമായി ബിജെപി നേതൃത്വം നടത്തിയ ചർച്ചകൾ ഫലം കണ്ടെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം ആർ. ശ്രീലേഖ പിൻവലിച്ചേക്കുമെന്ന് സൂചന. ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് നടത്തിയ അനുനയ ചർച്ചകൾക്ക് പിന്നാലെയാണ് രാജി തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപറേഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളും അഭിപ്രായഭിന്നതകളും ചർച്ചയിൽ നേതാക്കൾ വിശദീകരിച്ചതായാണ് വിവരം. വിഷയങ്ങളിൽ ശ്രീലേഖയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി ബിജെപി വൃത്തങ്ങൾ പറയുന്നു.

രാജി പ്രഖ്യാപിച്ച് വാട്സാപ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവച്ച സന്ദേശം പിന്നീട് ഡിലീറ്റ് ചെയ്തതും രാജി തീരുമാനം പുനഃപരിശോധിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

ശാസ്തമംഗലം വാർഡിലെ കൗൺസിലറായ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. രാജി നടപ്പായിരുന്നെങ്കിൽ കോർപറേഷനിലെ ബിജെപിയുടെ ഭൂരിപക്ഷ നില കൂടുതൽ പ്രതിസന്ധിയിലാകുമായിരുന്നു. നിലവിൽ ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. അതിനാൽ ശ്രീലേഖ രാജിയിൽനിന്ന് പിന്മാറുന്നത് ബിജെപി നേതൃത്വത്തിന് വലിയ ആശ്വാസമാകും.

കോർപറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ശ്രീലേഖയും ബിജെപി നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ബിജെപി ഉയർത്തിക്കാട്ടിയിരുന്ന ശ്രീലേഖയ്ക്ക് പിന്നീട് മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടായിരുന്നു. പകരം വി.വി. രാജേഷിനെ മേയറാക്കാൻ നേതൃത്വം തീരുമാനിച്ചതാണ് അസ്വാരസ്യത്തിന് കാരണമായതെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശ്രീലേഖ മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്ന വിമർശനവും ഇതിനുപിന്നാലെ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ രാജി നീക്കം കൂടി വന്നതോടെ വിഷയത്തിൽ ബിജെപി നേതൃത്വം നേരിട്ട് ഇടപെടുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img