09:50am 13 October 2026
NEWS
‘മരിക്കും വരെ ബിജെപിയിൽ തുടരും’; രാജി വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആർ. ശ്രീലേഖ
11/10/2026  09:30 AM IST
nila
ആർ. ശ്രീലേഖ രാജി വിവാദം: മരിക്കും വരെ ബിജെപിയിൽ തുടരും, വിശദീകരണവുമായി ശ്രീലേഖ

തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭയിലെ കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറായി തുടരുമെന്നും മരണം വരെ ബിജെപിയിൽത്തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന തരത്തിലുള്ള വാർത്തകളും ശ്രീലേഖ തള്ളി. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് തനിക്കെതിരെ മോശമായ പ്രചാരണങ്ങൾ നടന്നതെന്ന് ശ്രീലേഖ ആരോപിച്ചു. ബിജെപിയിൽ അംഗത്വമെടുത്തതു മുതൽ മാധ്യമങ്ങളിൽനിന്ന് വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. താൻ മോദി ഭക്തയാണെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ വ്യക്തമാക്കി.

മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ താനും അംഗമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസിലേക്ക് പോകുമെന്ന വാർത്ത അസംബന്ധമാണ്. മരിക്കുന്നതുവരെ ബിജെപിയിൽ തുടരുമെന്നും ശ്രീലേഖ പറഞ്ഞു.

കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോയതെന്ന് ശ്രീലേഖ വിശദീകരിച്ചു. ഞായറാഴ്ചകളിൽപ്പോലും വിശ്രമമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. ശാസ്തമംഗലം വാർഡിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഡിജിപിയായി പ്രവർത്തിച്ച ഒരാളോട് കോൺസ്റ്റബിളിന്റെ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ തോന്നുന്ന സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.

കൗൺസിലർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വങ്ങൾ ആത്മാർഥതയോടെയാണ് നിർവഹിക്കുന്നത്. എന്നാൽ, ചെറിയ കാലതാമസം ഉണ്ടായാൽപ്പോലും ചിലർ വാട്സാപ്പിലൂടെ മോശമായി പ്രതികരിക്കുകയും എന്തിനാണ് ഇങ്ങനെയൊരു കൗൺസിലറെന്ന് ചോദിക്കുകയും ചെയ്യാറുണ്ട്. ആവശ്യപ്പെട്ട സമയത്ത് കാര്യങ്ങൾ ചെയ്തുകൊടുത്തില്ലെങ്കിൽ പരാതികൾ ഉയരും. ഇത്തരം അനുഭവങ്ങൾ മാനസികമായി വിഷമിപ്പിച്ചപ്പോഴാണ് മേയർക്ക് സന്ദേശം അയച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവധിയെടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. അതിനാലാണ് കൗൺസിലർ എന്ന നിലയിലെ പ്രവർത്തനങ്ങളിൽനിന്ന് താൽക്കാലികമായി മാറിനിന്ന് പാർട്ടി പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്നും അവർ വിശദീകരിച്ചു.

കൗൺസിലർ എന്ന നിലയിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നും പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സെപ്റ്റംബർ 30ന് മേയർക്ക് കത്തയച്ചതായി ശ്രീലേഖ പറഞ്ഞു. കത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്കും നൽകിയിരുന്നു.

അതേസമയം, പാർട്ടിയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഉന്നത നേതാക്കൾ നേരിട്ടെത്തി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതായും അവർ വെളിപ്പെടുത്തി.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജി നീക്കത്തിന് പിന്നിലെന്ന പ്രചാരണവും ശ്രീലേഖ നിഷേധിച്ചു. അത്തരമൊരു പദവിയെക്കുറിച്ച് ആലോചനയൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽനിന്ന് പ്രവർത്തിക്കാനാണ് തനിക്ക് താൽപര്യമെന്നും യൂട്യൂബ് ചാനലിലെ വിശദീകരണത്തിൽ ശ്രീലേഖ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img