06:07pm 22 April 2026
NEWS
'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ..; തെരുവിലിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയത് കേരളത്തിന്റെ ആദ്യ വനിതാ ഡിജിപി; പൊലീസുകാരുടെ രാഷ്ട്രീയം ചർച്ചകളിൽ നിറയുന്നു
22/04/2026  01:38 PM IST
nila
പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ..; തെരുവിലിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയത് കേരളത്തിന്റെ ആദ്യ വനിതാ ഡിജിപി; പൊലീസുകാരുടെ രാഷ്ട്രീയം ചർച്ചകളിൽ നിറയുന്നു

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന ബിജെപി മഹിളാ മോർച്ചയുടെ പ്രതിഷേധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.  മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു സമരം. പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിയ ശ്രീലേഖ, മഴ അവഗണിച്ച് പ്രവർത്തകരോടൊപ്പം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ഡിജിപിയായിരുന്നു ശ്രീലേഖ. അങ്ങനെയൊരു വനിത പൊതുനിരത്തിൽ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നത്.

'പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ, കാക്കിയിട്ട തെമ്മാടികളേ, കാക്കിയിട്ടൊരു ഗുണ്ടകളേ, പിണറായിയുടെ തെമ്മാടികളേ', ഇങ്ങനെ പോകുന്നു മുദ്രാവാക്യം. ഇത് ആർ. ശ്രീലേഖയും ഏറ്റുവിളിച്ചു. കേരളത്തിലെ ആദ്യ വനിതാ ഡിജിപി, വിരമിച്ച ശേഷം പൊതുനിരത്തിലിരുന്ന് തന്റെ പഴയ സഹപ്രവർത്തകർക്കും കീഴുദ്യോ​ഗസ്ഥർക്കുമെതിരെ മോശമായ മുദ്രാവാക്യങ്ങൾ വിളിച്ചത് പൊലീസിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് എന്ന വിമർശനവും ഉയരുന്നുണ്ട്. സാധാരണ രാഷ്ട്രീയക്കാർ തെരുവിൽ വിളിക്കുന്ന മുദ്രാവാക്യങ്ങൾ തന്നെയാണിവ. എന്നാൽ, കേരള പൊലീസിന്റെ ഉന്നതങ്ങളിലിരിക്കുകയും വിരമിച്ച ശേഷം രാഷ്ട്രീയ പാർട്ടിയുടെ ഭാ​ഗമായി മാറി പൊലീസിനെതിരെ ഇത്തരം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിനെ വിരോധാഭാസമെന്നും ചിലർ വിശേഷിപ്പിക്കുന്നു. 

പൊലീസുകാർക്ക് രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ചിന്തകൾ തങ്ങളുടെ സർവീസ് കാലത്തൊന്നും ഉണ്ടാകരുത് എന്നാണ് ചട്ടം. പൊലീസിൽ ചേരുമ്പോൾ തന്നെ അത്തരം സത്യപ്രതിജ്ഞയും അവർ എടുക്കാറുണ്ട്. എന്നാൽ, അടുത്ത കാലത്ത് പൊലീസിന്റെ ഉന്നതങ്ങളിലിരുന്ന പലരും രാഷ്ട്രീയ പാർട്ടികളിൽ ചേരുകയും സംസ്ഥാന നേതാക്കളായി മാറുകയും ചെയ്തിട്ടുണ്ട്. ഇവർ തങ്ങളുടെ സർവീസ് കാലത്ത് പല കേസുകളെയും എങ്ങനെയാകും സമീപിച്ചിട്ടുണ്ടാകുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതു പാർട്ടിയുടെയും സംസ്ഥാന നേതാവാകുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. 

വിരമിച്ച ശേഷം പൊലീസുകാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണുതാനും. എന്നാൽ, വർഷങ്ങളോളം താൻകൂടി ഉൾപ്പെട്ടിരുന്ന ഒരു സേനാവിഭാ​ഗത്തെ പ്രാസമൊപ്പിച്ച് വിളിച്ച് ആവേശം കൊള്ളിക്കാനാണെങ്കിലും ഇത്തരം മുദ്രാവാക്യങ്ങൾ മുഴക്കുന്നത് അനുചിതമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

വട്ടിയൂർക്കാവിലെ പ്രശ്നം 

വട്ടിയൂർക്കാവിൽ ബിജെപി–സിപിഎം സംഘർഷത്തിന് പിന്നാലെയാണ് പൊലീസിന്റെ നടപടിക്കെതിരെ മഹിളാ മോർച്ച രംഗത്തെത്തിയത്. മണ്ണറക്കോണത്ത് നിന്ന് ആരംഭിച്ച പ്രകടനം പൊലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ വലിയ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയത്. ബാരിക്കേഡുകളും ജലപീരങ്കിയും വിന്യസിച്ചിരുന്നു. സ്റ്റേഷന്റെ പ്രധാന കവാടം നേരത്തെ തന്നെ അടച്ചിരുന്നു.

ഇതിനിടെ പ്രതിഷേധക്കാർ ബാരിക്കേഡ് കയറി കടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി തർക്കവും ഉന്തുംതള്ളും ഉണ്ടായി. വനിതകളെ പുരുഷ പോലീസുകാർ തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധം പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലരും തളർന്നു വീണതോടെ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ വട്ടിയൂർക്കാവ് ഇൻസ്‌പെക്ടർ വിപിനെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. നെട്ടയം സംഘർഷത്തിൽ പൊലീസിന്റെ ഇടപെടൽ അതിക്രമപരമാണെന്നും ആരോപിച്ചു. അതേസമയം, പൊലീസുകാർക്ക് പരിക്കേറ്റത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കല്ലേറിലാണെന്നും ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

ഇതിനിടെ, പൊലീസിനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണത്തിനോ നടപടിക്കോ സാധ്യതയില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ. കൂടുതൽ അറസ്റ്റ് നടപടികൾ ഒഴിവാക്കാനും തീരുമാനമായി. മുൻപ്, ശാസ്തമംഗലത്തെ ഇടപ്പഴഞ്ഞി സുബ്രഹ്മണ്യ ക്ഷേത്രപരിസരത്തെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ക്യാമ്പിൽ കൊണ്ടുപോയി മർദിച്ചതായി ആരോപണമുയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്. കസ്റ്റഡിയിൽ മർദനമേറ്റതായി പറഞ്ഞ ബിജെപി പ്രവർത്തകരായ ബിനു, അയ്യപ്പൻ എന്നിവരെ പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് നീക്കിയതായും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img