12:57am 30 April 2026
NEWS
കേരളത്തിൽ ലവ് ജിഹാദ്; സർക്കാർ കണ്ണടയ്ക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർ ശ്രീലേഖ
03/04/2026  03:47 PM IST
nila
കേരളത്തിൽ ലവ് ജിഹാദ്; സർക്കാർ കണ്ണടയ്ക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ‘ലവ് ജിഹാദ്’ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും സർക്കാർ കണ്ണടയ്ക്കുകയാണെന്നും സ്ത്രീസുരക്ഷയ്ക്ക് സംസ്ഥാനത്ത് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. ശാസ്തമം​ഗലത്ത്  ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ പരിപാടിയിൽ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഈ വിമർശനങ്ങൾ ശ്രീലേഖ ഉന്നയിച്ചത്. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായപ്പോൾ നേരിട്ട് വിളിച്ചിട്ടുപോലും പൊലീസ് സമയബന്ധിതമായി ഇടപെട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ: 

‘‘ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സര്‍ക്കാര്‍. ദൈവവിശ്വാസമില്ലാത്ത ഒരു സര്‍ക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ആകുമ്പോള്‍ അവര്‍ 100 ശതമാനവും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. 2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് കണക്ക്. കേരളത്തില്‍ അതിനു പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണ്.

ഒരു വനിതാ പൊലീസ് ഓഫിസര്‍ ആയിട്ടുള്ള എനിക്ക് നേരെ തന്നെ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ അത് നേരിടുന്നത് ഞാന്‍ ഒറ്റക്കായിരിക്കും. പരാതി പറഞ്ഞാലും ഡിജിപി പോലും എന്നെ പിന്തുണയ്ക്കില്ല. അദ്ദേഹത്തിനു പിന്തുണയ്ക്കണമെങ്കില്‍ രാഷ്ട്രീയമായിട്ടുള്ള അനുവാദം വേണം. രാഷ്ട്രീയ സ്വാധീനം പൊലീസില്‍ ഇത്ര കഠിനമായിട്ട് നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നത്. അത് പൊലീസില്‍ മാത്രമല്ല. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചിട്ടും സഹായം ലഭിച്ചില്ല. കാരണം എതിര്‍ഭാഗത്തു നില്‍ക്കുന്നത് മന്ത്രിയായതുകൊണ്ടാണ്.

ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവിൽ എംഎല്‍എ ആയാല്‍ എന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഉന്നമനം കിട്ടണമെന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മാറി വിശ്വാസികളുടെ സര്‍ക്കാര്‍ വരണം. എന്‍ഡിഎ ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ മാത്രമേ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉണ്ടാവുകയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂർ പോലെ ഒരു വലിയ കാര്യം നടത്തി സ്ത്രീകളുടെ മാനം വരെ സംരക്ഷിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പക്ഷേ കേരളത്തില്‍ അത് ഇല്ല എന്നുള്ളത് സ്ത്രീകള്‍ ഉള്‍പ്പെടെ മനസിലാക്കണം. നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img