02:59am 03 June 2026
NEWS
രശ്മി കൊട്ടാരക്കരയിൽ, അഖിൽ മാരാർ പത്തനാപുരത്ത്; കൊല്ലം ജില്ലയിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ ഫലം കാണുമോ?
22/02/2026  09:11 AM IST
nila
രശ്മി കൊട്ടാരക്കരയിൽ, അഖിൽ മാരാർ പത്തനാപുരത്ത്; കൊല്ലം ജില്ലയിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ ഫലം കാണുമോ?

കൊല്ലം: കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ  സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം. മണ്ഡലത്തിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശം ബിജെപി സംസ്ഥാന നേതൃത്വം രശ്മിക്ക് നൽകിയതായാണ് സൂചന. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഈ നിർദേശം അറിയിച്ചതെന്നാണ് വിവരം. കൊട്ടാരക്കരയിലെ രശ്മിയുടെ പരിചയസമ്പത്ത് പാർട്ടിക്ക് ഗുണകരമാകുമെന്ന് ബിജെപി വിലയിരുത്തുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രശ്മി ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. കെ. എൻ. ബാലഗോപാലിനോട് 10,814 വോട്ടുകൾക്കാണ് അവർ പരാജയപ്പെട്ടത്. എന്നാൽ 2016ൽ അയിഷ പോറ്റി നേടിയ ഭൂരിപക്ഷത്തോട് താരതമ്യപ്പെടുത്തുമ്പോൾ ബാലഗോപാലിന്റെ ഭൂരിപക്ഷത്തിൽ 31,818 വോട്ടുകളുടെ ഇടിവുണ്ടായിരുന്നു. ഈ കണക്കുകളാണ് കൊട്ടാരക്കരയിൽ രശ്മിയെ തന്നെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നത്.

ഇതിനിടെ ട്വന്റി 20യിൽ ചേർന്ന അഖിൽ മാരാരെ പത്തനാപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയാക്കാനും ബിജെപി ആലോചിക്കുന്നു. നിലവിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ജനവിധി തേടുന്ന മണ്ഡലമായതിനാൽ പത്തനാപുരത്ത് അഖിലിനെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗണേഷ്‌കുമാർ 14,336 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപി സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവ് 13,398 വോട്ടുകൾ നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img