
സമൂഹത്തിൻ്റെ നേതൃ നിരയിലേക്ക് ഉയർന്നു വരുന്ന സ്ത്രീകളെ മാനിക്കാൻ കഴിയുന്നവർ മാത്രം രാഷ്ട്രീയ രംഗത്ത് മതി എന്ന് കേരളം ഒരു ഒരു തീരുമാനം എടുക്കണമെന്ന എഴുത്തുകാരനും സിപിഎം സഹയാത്രികനുമായ അശോകൻ ചരുവിലിന്റെ അഭിപ്രായം സിപിഎമ്മിന് തന്നെ ബൂമറാങ് ആകുന്നു. രാഷ്ട്രീയത്തിലും മാധ്യമ മേഖലയിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഏറ്റവുമധികം അധിക്ഷേപിക്കുന്നത് സിപിഎം നേതാക്കളും സൈബർ പോരാളികളും അണികളുമാണ് എന്നാണ് സമൂഹ മാധ്യമ ചർച്ചകളിൽ ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ പ്രസംഗിക്കവെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരേ നടത്തിയ പരാമർശങ്ങളെ വിമർശിച്ചായിരുന്നു അശോകൻ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉന്നത വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് നീയമസഭയിൽ ഒരു യുവനേതാവ് തികഞ്ഞ പുശ്ചത്തിലും അപമാനകരമായും സംസാരിച്ചെന്നായിരുന്നു ചരുവിലിന്റെ കുറ്റപ്പെടുത്തൽ. ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ എടുത്തതിനെ കുറിച്ച് ഉയർന്ന വിമർശനങ്ങളും ശരിയല്ലെന്നായിരുന്നു അശോകൻ ചരുവിലിന്റെ നിലപാട്. എന്നാൽ, അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടിയ ഈ രണ്ട് വനിതാ നേതാക്കളും പ്രതിസന്ധികൾ മറികടന്ന് നേതൃത്വത്തിൽ എത്തിയവരല്ലെന്നും പലവിധ പ്രിവിലേജുകളുടെയും പ്രീണനങ്ങളുടെയും ഭാഗമായി നിയമസഭാംഗവും മന്ത്രിയുമെക്കെ ആയവരാണെന്നും സൈബർ ലോകത്ത് ചർച്ചകളിൽ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷത്തെ സ്ത്രീകളെ കുറിച്ച് ആരെങ്കിലും വിമർശിച്ചാൽ ഇരവാദവും എതിർപക്ഷത്ത് നിൽക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് പോരാട്ടവുമാകുന്നത് എങ്ങനെ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ ചർച്ചകൾക്കിടയിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ചെറുകര സണ്ണി ലൂക്കോസ് പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജ്ജും എങ്ങനെയാണ് ആ പദവികളിലേക്ക് എത്തിയതെന്ന് സണ്ണി ലൂക്കോസ് വ്യക്തമായി പറയുന്നു. സമരം ചെയ്യുന്ന ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്ത്രീകളോട് ഇടത് നേതാക്കളും സൈബർ പോരാളികളും എങ്ങനെയാണ് ഇടപെടുന്നത് എന്നും സണ്ണി ലൂക്കോസ് ഓർമ്മിപ്പിക്കുന്നുണ്ട്.
ചെറുകര സണ്ണി ലൂക്കോസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
ആദരണീയനായ ശ്രീ.അശോകൻചരുവിൽ, 26-3-2025 രാവിലെ അങ്ങ് എഫ്ബി യിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ ''സമൂഹത്തിൻ്റെ നേതൃ നിരയിലേക്ക് ഉയർന്നു വരുന്ന സ്ത്രീകളെ മാനിക്കാൻ കഴിയുന്നവർ മാത്രം രാഷ്ട്രീയ രംഗത്ത് മതി എന്ന് കേരളം ഒരു ഒരു തീരുമാനം എടുക്കണം " എന്നു് അഭ്യർത്ഥന നടത്തിയത് കാണുകയുണ്ടായി.എന്താണ് ഇങ്ങനെ ആവശ്യപ്പെടാൻ പ്രേരകമായതെന്ന് കുറിപ്പിൽ നിന്നുതന്നെ വ്യക്തമായി. "ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയെ കുറിച്ച് നീയമസഭയിൽ ഒരു യുവനേതാവ് തികഞ്ഞ പുശ്ചത്തിലും അപമാനകരമായും സംസാരിച്ചെന്നും, മന്തി വീണാ ജോർജ് നെ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് എടുത്തപ്പോൾ അവരേയും ആക്ഷേപിക്കാൻ പലരും തയ്യാറായെന്നും പ്രതിസന്ധികൾ മറികടന്ന് നേതൃത്വത്തിൽ എത്തിയ സ്ത്രീകളെ സ്വീകരിക്കുന്നതിനപ്പുറം അപമാനിച്ച് മടക്കി അയക്കാനാണ് ശ്രമിക്കുന്നതെന്നും" ആയിരുന്നല്ലോ അങ്ങ് സങ്കടപ്പെട്ടത്. പ്രതിഭാധനനായ ഒരെഴുത്തുകാരൻ എന്ന നിലയിൽ അങ്ങയെ ആദരിക്കുന്ന ആളാണ് ഞാൻ. വികാര സമ്പന്നവും ആശയദൃഡതയുമുള്ള അങ്ങയുടെ കൃതികളിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നത് 'കാട്ടൂർ കടവ്' എന്ന രാഷ്ട്രീയ നോവലാണെന്ന് ഞാൻ കരുതുന്നു. നോവലിലെ ഒരു കഥാപാത്രമായ കെ. എന്ന എഴുത്തുകാരൻ തൻ്റെ പ്രസ്ഥാനത്തെ സ്നേഹിക്കുമ്പോഴും എഴുത്തുകാരൻ ആരുടെയും അടിമയല്ലെന്നും സ്വതന്ത്രനും നിർഭയനുമായിരിക്കണമെന്നുമുള്ള ആർജവത്തോടു കൂടിയ നിലപാട് അവേശകരമായ വായനാനുഭവമായി.
എന്നാൽ അങ്ങയുടെ 26/3 ലെ എഫ് ബി കുറിപ്പ് നോട് ചില വിയോജിപ്പുകൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ പൊതുരംഗത്തുള്ള സ്ത്രീകൾ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങൾ എല്ലാ പരിധികൾക്കും അപ്പുറത്താണ് എന്നതിൽ എനിക്കും ഒരു തർക്കവുമില്ല സാർ. അതുപക്ഷേ അങ്ങയുടെ പ്രസ്ഥാനത്തിലെ സ്ത്രീകൾക്കെതിരേ മാത്രമാണെന്നാണ് അങ്ങയുടെ കുറിപ്പ് വായിച്ചാൽ തോന്നുക. അങ്ങനയല്ല സാർ . എല്ലാ കക്ഷികളിലേയും സ്ത്രീകൾക്കെതിരായും പൊതു വിഷയങ്ങളിൽ നിലപാട് എടുക്കുന്ന പാർട്ടി ബന്ധമില്ലാത്ത സ്ത്രീകൾക്ക് (ഉദാ. വനിതാമാധ്യമപ്രവർത്തകർ ) നേരയും ഈ ഹീനമായ വ്യക്തിഹത്യാ അശ്ലീല പ്രവൃത്തി നടക്കുന്നുണ്ട്. അതിലാരാണ് മുമ്പിലെന്നു ചോദിച്ചാൽ പാർട്ടിയുടെ സൈബർ വിംഗ് ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നവരുടേതു തന്നെയാണെന്നു കാണാൻ കഴിയും.
ഇനി നീയമസഭയിൽ നടന്ന സംഭവം. ഞാനും അത് ശ്രദ്ധിച്ചതാണ്. രാഹുൽ മാങ്കൂട്ടവുമായി എനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ല. എന്നാൽ അദ്ദേഹം പാർലമെൻ്ററിയല്ലാത്ത വാചകങ്ങൾ ഒന്നും പറഞ്ഞതായി കേട്ടില്ല. പക്ഷേ മന്ത്രിയെ നിശിതമായി വിമർശിക്കുന്നതു കേട്ടു. വ്യക്തിയേ അല്ലല്ലോ അവർ അധികാര കസേരയിൽ ഇരിക്കുന്നതുകൊണ്ടല്ലേ വിമർശിക്കുന്നത്.? അധികാരത്തിനു നേരേ പ്രതിപക്ഷത്തുനിന്നു വിമർശനം ഉയരുന്നത് ജനാധിപത്യ പ്രക്രീയയുടെ ഭാഗമല്ലേ ? പാർട്ടിയേതുമാവട്ടെ യുവാക്കളുടെ ഭാഷക്കു മൂർച്ച കൂടുന്നതിൽ അസഹിഷ്ണതയുടെ ആവശ്യമുണ്ടോ?ചില ബഹുമാനപ്പെട്ട പദവികളിലിരിക്കുന്ന സ്ത്രീ കൾ അധിക്ഷേപിക്കപ്പെടുന്ന കാര്യം പേര് എടുത്ത് പറഞ്ഞല്ലോ,എന്നാൽ സെക്രട്ടറിയേറ്റിനു മുമ്പിൽ വെറും സാധാരണക്കാരായ കുറേ ആശമാർ 47 ദിവസമായി വെയിലും കാറ്റും മഴയും പട്ടിണിയും ഏറ്റ് പ്രാഥമിക കൃത്യങ്ങൾക്കുപോലും സൗകര്യങ്ങളില്ലാതെ രാപകൽ സമരം നടത്തുന്നു. എട്ട് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്നു. സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള ആ സ്ത്രീകളെ സമുഹമാധ്യമങ്ങളിൽ രാഷ്ട്രീയ സൈബർ പട അവഹേളിക്കുന്നത് അങ്ങ് ഇതുവരെ കണ്ടില്ലേ.
കമ്മ്യൂണിസത്തിൽ, അഥവാ മാർക്സിസം - ലെനിനിസത്തിൽ, ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന സോഷിലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മൂണിസ്റ്റ്) യാണ് സമരത്തിൻ്റെ മുഖ്യ സംഘാടകർ. കേരളത്തിലൊഴിച്ച് രാജ്യം മുഴുവൻ സമരം ചെയ്യുന്ന ഇടതു സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ സി ഐ റ്റി യു വിനൊപ്പം എസ് യു സി ഐ ( സി) യുടെ തൊഴിലാളി സംഘടനയുമുണ്ട്. എന്നിട്ടാണവരെ പാട്ടപ്പിരിവുകാർ അരാജകവാദികൾ ഈർക്കിൽ പാർട്ടികൾ എന്നെല്ലാം ആക്ഷേപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ അങ്ങ് പ്രതികരിച്ചതായി കണ്ടില്ല. പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ഭാരാവാഹിത്വവും , മുമ്പത്തെ പി എസ് സി മെമ്പർ സ്ഥാനവും ഒക്കെ സൃഷ്ടിക്കുന്ന പരിമിതി മനസിലാവും. എന്നാൽ വിളപ്പിൽശാല സമരത്തിലും ജിഷ്ണു പ്രണോയി യുടെ മാതാവിനൊപ്പമുള്ള സമരത്തിലും മറ്റും പങ്കെടുത്തു ജയിൽവാസം അനുഭവിച്ച, സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം പൂർണമായി സമർപ്പിച്ച ഒരു കമ്മ്യൂണിസ്റ്റ് സഖാവ് എസ് മിനിയെ 'സാംകൃമിക രോഗം പരത്തുന്ന കീടം' എന്നുവരെ പൊതുവേദിയിൽ ഒരു നേതാവ് അധിക്ഷേപിച്ചിട്ട് പോലും പ്രതികരിക്കാത്ത അങ്ങയെ പോലുള്ളവർക്ക് മന്ത്രിമാരെ വിമർശിക്കുമ്പോൾ പൊള്ളുന്നത് അന്ധമായ രാഷ്ട്രീയ വിധേയത്തം കൊണ്ടാണ് എന്നു പറയാതെ വയ്യ സാർ.
അങ്ങ് കുറിച്ചതുപോലെ പല സ്ത്രീ പൊതു പ്രവർത്തകരും ഒട്ടേറെ പ്രതിബന്ധങ്ങൾ മറികടന്നാണ് നേതൃത്വത്തിലെത്തുന്നത് എന്നതിന് സംശയം ഒന്നുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ എത്രയോ സമര പോരാട്ടങ്ങളിൽ പങ്കെടുത്തും സംഘടിപ്പിച്ചുമാണ് നേതൃത്വത്തിലെത്തുന്നത്. അങ്ങ് പറഞ രണ്ടു മന്ത്രിമാരും ഉയർന്ന വിദ്യാഭ്യാസ പ്രൊഫഷണൽ യോഗ്യതയുള്ളവരായിരിക്കെയാണ് മന്ത്രിമാരായത്. എന്നാലവരുടെ മുകളിലേക്കുള്ള ചവിട്ടുപടികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്നു പറഞ്ഞാലതു വസ്തുതാപരമായിരിക്കില്ല.
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തൃശൂരിലെ കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ.ആർ ബിന്ദു ടീച്ചറെ വൈസ് പ്രിൻസിപ്പലിൻ്റെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചു കൊണ്ട്, അക്കാദമിക് ചുമതല ഒഴിച്ച് പ്രിൻസിപ്പലിൻ്റെ പ്രധാനപ്പെട്ട എല്ലാ അധികാരങ്ങളും വൈസ് പ്രിൻസിപ്പലിനു നൽകി 2020 ഒക്ടോബർ 30 നു ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയത് വിവാദമായിരുന്നു. ഒരു സ്ഥാപനത്തിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ശരിയാവില്ല എന്നു പറഞ്ഞ് 2020 നവംബർ 17 ന് പ്രിൻസിപ്പൽ പ്രൊഫ. ഏപി ജയദേവൻ രാജിവെച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടിലും സർക്കാർ നിയമങ്ങളിലും വൈസ് പ്രിൻസിപ്പൽ എന്ന പദവിയില്ലന്നാണദ്ദേഹം അന്നു പറഞ്ഞത്. 2016 ൽ ഇരിങ്ങാലക്കുട സീറ്റ് യുഡിഎഫ് ലെ തോമസ് ഉണ്ണിയാടനിൽ നിന്നു പിടിച്ച് എടുത്തത് സി പി എം നേതാവ് സഖാവ് കെയു അരുണൻ മാഷ് ആയിരുന്നു. അദ്ദേഹത്തിൻ്റെ 5 വർഷം മണ്ടലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളുണ്ടായി. 2021ലെ ഇലക്ഷൻ വന്നു. രണ്ട് തവണ തുടർച്ചയായി മൽസരിച്ചവരെ പാർട്ടി മാറ്റി നിർത്തി. എന്നാൽ ഓരേയൊരു തവണ മൽസരിക്കുകയും എംഎൽഎ ആകുകയും ചെയ്ത സഖാവ് കെ യു അരുണൻ മാഷ് നെ മാറ്റി നിർത്തി ഇരിങ്ങാലക്കുട സീറ്റിൽ ഒരു പ്രതിസന്ധിയുമില്ലാതെ ബിന്ദു ടീച്ചർ സ്ഥാനാർത്ഥിയായി. എം എൽ എ ആയി മന്ത്രിയായി.
2011- 16 ഉമ്മൻ ചാണ്ടിയുടെ ഭരണകാലം. മലങ്കര സുറിയാനി സഭയിലെ ഓർത്ത് ഡോക്സ് യാക്കോബായ സഭകൾ തമ്മിൽ പള്ളികൾക്കുവേണ്ടി രൂക്ഷമായ തർക്കം. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ഓർത്ത് ഡോക്സ് സഭയുടെ പരമോന്നതതലവൻ. അദ്ദേഹത്തിൻ്റെ വലംകയ്യായിരുന്നു10 വർഷം (2007-2017 )ഓർത്ത് ഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന ഡോ. ജോർജ് ജോസഫ്. 2011 ൽ കോലഞ്ചേരി പള്ളി വിട്ടു കിട്ടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മുതൽ സഭക്ക് സ്വന്തം സഭാംഗമായ ഉമ്മൻ ചാണ്ടിയോട് നീരസമായി. 2014 ൽ പാത്രീയാർക്കിസ് ബാവയുടെ കേരളം സന്ദർശനം. അദ്ദേഹം തർക്കമുള്ള പള്ളികളിൽ കയറരുത് എന്ന് കാതോലിക്കബാവ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ഇല്ലന്നുറപ്പു കൊടുത്തു. എന്നാൽ അനൂപ് ജേക്കബ് ൻ്റെ താൽപര്യ പ്രകാരം തർക്കമുണ്ടായിരുന്ന പിറവം മുളന്തുരുത്തി പള്ളികൾ പാത്രീയാർക്കീസ് ബാവ സന്ദർശിച്ചു. പിന്നീടുള്ള രണ്ട് വർഷകാലം ഓർത്ത് ഡോക്സ് സഭ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മന്ത്രിസഭാംഗങ്ങളേയും ബഹിഷ്കരിച്ചു. ഈ സമയത്ത് ബാവക്കും സി പി എം നേതൃത്വത്തിനുമിടയിൽ അസോസിയേഷൻ സെക്രട്ടറി ജോർജ് ജോസഫ് പാലമായി. ഇലക്ഷനടുത്തപ്പോൾ സഭ ചില സീറ്റുകൾ ആവശ്യപ്പെട്ടു. അതിൽ ആദ്യത്തെ പേരായിരുന്നു അറന്മുള. പാർട്ടിക്കും വിസ്സമ്മതമൊന്നു മുണ്ടായിരുന്നില്ല. 2016 ൽ ആറന്മുളയിൽ സഭാ അസോസിയേഷൻ സെക്രട്ടറിയുടെ ഭാര്യ ടെലിവിഷൻ ജേർണലിസ്റ്റായിരുന്ന വീണ ജോർജ് നെ വിജയിപ്പിക്കാൻ അന്നത്തെ കാതോലിക്ക ബാവ ആത്മാർത്ഥമായി പരിശ്രമിച്ചു.
അങ്ങനെ വലിയ പ്രതിബന്ധമൊന്നുമില്ലാതെ ശ്രീമതി വീണ ജോർജ് എം എൽ എ ആയി ,മന്തിയായി. മന്ത്രിയാകട്ടെ ഏതു പാർട്ടിയിലും പെട്ട സാധാരണക്കാരാകട്ടെ വ്യത്യസ്ത വീക്ഷണത്തിൻ്റെ പേരിൽ വിമർശിക്കാം. പക്ഷേ വ്യക്തിപരമായ തേജോവധം പാടില്ല എന്നാണെൻ്റെയും അഭിപ്രായം സാർ, ആശംസകളോടെ ചെറുകര സണ്ണി ലുക്കോസ്











