
തിരുവനന്തപുരം: ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി കൂടി. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും അതിനുശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി എന്നുമാണ് കേരളത്തിന് പുറത്തു താമസിക്കുന്ന യുവതിയുടെ പരാതി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്ക് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന താൻ കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെപരാതിയിൽ പറയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ഇമെയിൽ മുഖേന പരാതി അയക്കുന്നത്. പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പീഡനത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നേരത്തേ മറ്റൊരു യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി എന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ആദ്യത്തെ യുവതിയുടെ പരാതിയിലുള്ളത്. ഈ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. എംഎൽഎയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും എംഎൽഎയെ കണ്ടെത്താനായിട്ടില്ല. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കും.










