
ദോഹ: ഉയർന്ന യഥാർത്ഥ വിനിമയ നിരക്ക്, വർദ്ധിച്ചുവരുന്ന ധനകമ്മി, വ്യാപാര കമ്മി, ഡോളറിലുള്ള കരുതൽ ശേഖരം കുറയ്ക്കാനുള്ള ആഗോള സെൻട്രൽ ബാങ്കുകളുടെ നീക്കം തുടങ്ങിയ ഘടനാപരമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും യുഎസ് ഡോളർ ആഗോള വിപണിയിൽ തങ്ങളുടെ കരുത്ത് നിലനിർത്തുന്നതായി ഖത്തർ നാഷണൽ ബാങ്കിന്റെ (QNB) പ്രതിവാര സാമ്പത്തിക അവലോകന റിപ്പോർട്ട്.
ഡോളറിന് കരുത്തുപകരുന്ന പ്രധാന ചാലകശക്തി വിവിധ രാജ്യങ്ങളിലെ പലിശ നിരക്കുകളിലെ അന്തരം തന്നെയാണ്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഫെഡറൽ ഫണ്ട്സ് റേറ്റ് നിലവിൽ 3.50% മുതൽ 3.75% വരെയാണ്. എന്നാൽ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റേത് 2.25% ഉം ബാങ്ക് ഓഫ് ജപ്പാനിന്റേത് 1.00% ഉം മാത്രമാണ്. ഈ ഉയർന്ന പലിശ നിരക്ക് ഡോളർ നിക്ഷേപങ്ങളിലേക്ക് കൂടുതൽ വിദേശ മൂലധനത്തെ ആകർഷിക്കുന്നതായും
എഐ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിലുണ്ടായ വൻ നിക്ഷേപങ്ങൾ അമേരിക്കൻ ഓഹരി വിപണിക്ക് വൻ ഉണർവ് നൽകിയിട്ടുണ്ട്. ഇത് ആഗോള നിക്ഷേപകരെ യുഎസ് സാമ്പത്തിക ആസ്തികളിലേക്ക് വലിയ തോതിൽ ആകർഷിക്കുകയും ഡോളറിന് അധിക പിന്തുണ നൽകുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട് പറയുന്നു. വികസിത സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് അമേരിക്കൻ സമ്പദ്വ്യവസ്ഥ കൂടുതൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുഎസിലെ കമ്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (PMI) വളർച്ചയെ സൂചിപ്പിക്കുന്ന 50 പോയിന്റിന് മുകളിൽ തുടരുമ്പോൾ, യൂറോസോണിൽ ഇത് മന്ദഗതിയിലാണ്.വർഷത്തിന്റെ തുടക്കത്തിൽ 2026-ഓടെ പലിശ നിരക്കിൽ 50 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും, പണപ്പെരുപ്പ സമ്മർദ്ദവും സാമ്പത്തിക വളർച്ചയും മുൻനിർത്തി ഫെഡറൽ റിസർവ് കർശന നിലപാടുകളിലേക്ക് നീങ്ങിയത് ഡോളറിന് കൂടുതൽ അനുകൂലമായി.ദീർഘകാലാടിസ്ഥാനത്തിൽ ധനകമ്മിയും വ്യാപാരാന്തരങ്ങളും ഡോളറിന് ഭീഷണിയാകാമെങ്കിലും, സമീപഭാവിയിൽ ഉയർന്ന പലിശനിരക്കും യുഎസ് ആസ്തികൾക്കുള്ള ശക്തമായ ആവശ്യകതയും ഡോളറിന്റെ മൂല്യം ഉയർന്ന തലത്തിൽ തന്നെ നിലനിർത്തുമെന്നാണ് ക്യുഎൻബി വ്യക്തമാക്കുന്നത്.











