02:48am 12 November 2026
NEWS
QIAF- DLF ലിറ്ററേച്ചർ ഫെസ്റ്റ് 2025 : ഒരുക്കങ്ങൾ പൂർത്തിയായി
04/12/2025  10:47 AM IST
nila
QIAF- DLF ലിറ്ററേച്ചർ ഫെസ്റ്റ് 2025 : ഒരുക്കങ്ങൾ പൂർത്തിയായി


 

ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയും സാംസ്കാരിക പ്രവർത്തകരെയുമെല്ലാം പങ്കെടുപ്പിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവത്തിന് ഇന്ന് തുടക്കമാവുമെന്ന്   സംഘാടകർ അറിയിച്ചു. 

പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ  പ്രൊഫ. കെ. ഇ. എൻ കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സാഹിത്യാധ്യാപകനും ഭാഷാവിദഗ്‌ധനുമായ  ഡോ.അശോക് ഡിക്രൂസ്, കവിയും വിവർത്തകനും അധ്യാപകനുമായ കെ.ടി.സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ഷീല ടോമി എന്നിവരും ഫെസ്റ്റിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗായകസംഘമായ സമീർ ബിൻസി, ഇമാം മജ്‍ബൂർ ടീമിന്റെ ലൈവ് സംഗീതസായാഹ്‌നവും അരങ്ങേറും. 

ഇന്ന് വൈകീട്ട് 6.30 ന് ആരംഭിച്ച് വെള്ളി രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. 

കല-ജീവിതം -സമൂഹം, 
രചനയുടെ രസതന്ത്രം, 
എഴുത്തിലെ പുതിയ  സങ്കേതങ്ങൾ/ പരീക്ഷണങ്ങൾ.  
എന്നീ ശില്പശാലാ സെഷനുകളാണ് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ഡിസംബർ. 5, വെള്ളി  രാവിലെ 9 ന് പുനരാരംഭിക്കുന്ന പരിപാടിയിൽ എഴുത്തുകാരുമായുള്ള മുഖാമുഖം, 
കവിതയുടെ മണ്ണും ആകാശവും, 
എഴുത്തുകാരന്റെ പണിപ്പുര, 
പുതിയകാല ഭാഷ- സാഹിത്യം- നവമാധ്യമങ്ങൾ-  സാധ്യതകൾ എന്നീ സെഷനുകളും ഉണ്ടായിരിക്കും. ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. 

വെള്ളി വൈകീട്ട് 4.30 ഓടെ  അവസാനിക്കുന്ന സാഹിത്യശിൽപശാല സെഷനുകൾക്ക് ശേഷമാവും പൊതുസമ്മേളനവും 
സമീർ ബിൻസി- ഇമാം മജ്ബൂർ സംഘം നയിക്കുന്ന സംഗീതസായാഹ്നവും നടക്കുക. 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്
ഖിയാഫ് സോഷ്യൽ മീഡിയ പേജ് സന്ദർശിച്ച് ഗൂഗിൾ ഫോം വഴി  രജിസ്റ്റർ ചെയ്യാവുന്നതാണ്. 

തുമാമ അൽ സാജ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ നാട്ടിൽ നിന്നെത്തിയ പ്രമുഖ എഴുത്തുകാരോടൊപ്പം
ഡോ. സാബു.കെ.സി (പ്രസിഡന്റ്, ഖിയാഫ് ), അഷ്‌റഫ്‌ മടിയാരി (വൈസ് പ്രസിഡന്റ്, ഖിയാഫ്), അൻസാർ അരിമ്പ്ര (ട്രഷറർ, ഖിയാഫ്), ഹുസൈൻ കടന്നമണ്ണ (ജന സെക്രട്ടറി-QIAF),  തൻസീം കുറ്റ്യാടി (DLF ജനറൽ കൺവീനർ), ഷംന ആസ്മി   എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img