
ദോഹ:ഖത്തറിലെ സ്വകാര്യ മേഖലയെയും സംരംഭകരെയും ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB) ‘റേയാദ (Reyada)’ എന്ന ഏകീകൃത ഡിജിറ്റൽ പോർട്ടൽ ഔദ്യോഗികമായി ആരംഭിച്ചു. സംരംഭ വികസന സേവനങ്ങളും പ്രത്യേക പരിശീലന പരിപാടികളും ഒരേ വേദിയിൽ ലഭ്യമാക്കുന്നതാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം.ഡിജിറ്റൽ പരിവർത്തന പ്രക്രിയ വേഗത്തിലാക്കുന്നതിന്റെയും ഖത്തറിലെ സംരംഭക പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ആരംഭിച്ച ഈ പദ്ധതി, ബിസിനസ് ഉടമകൾക്കും സേവനദാതാക്കൾക്കും ഒരുപോലെ സൗഹൃദപരമായ ഇന്റർഫേസോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംരംഭങ്ങളുടെ വളർച്ചാ ഘട്ടങ്ങൾക്കനുസരിച്ച് ഉപദേശ സേവനങ്ങളും വികസന ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാൻ പോർട്ടൽ സഹായിക്കും.സംരംഭകർക്ക് നേരിട്ട് സേവനദാതാക്കളുമായി ബന്ധപ്പെടാനും മത്സരാധിഷ്ഠിത ഓഫറുകൾ ലഭിക്കാനും ഇതിൽ പ്രത്യേക പ്ലാറ്റ്‌ഫോവും ഉൾപ്പെടുത്തിയിട്ടുണ്ട്.
“റേയാദ പോർട്ടൽ വഴി സംരംഭ വികസന സേവനങ്ങളെ കാര്യക്ഷമതയുടെയും വിശ്വാസ്യതയുടെയും പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും ആവശ്യമായ വികസന, പരിശീലന, ശേഷിവികസന സേവനങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് QDB സിഇഒ അബ്ദുൽറഹ്മാൻ ബിൻ ഹിഷാം അൽ സുവൈദി പറഞ്ഞു.റേയാദ പോർട്ടൽ രണ്ട് പ്രധാന ഘടകങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. റേയാദ അഡ്വൈസറി പ്ലാറ്റ്‌ഫോം സംരംഭ വികസനത്തിനുള്ള വിവിധ ഉപകരണങ്ങളും സാമ്പത്തിക ഗ്രാന്റുകളടക്കമുള്ള പിന്തുണകളും നൽകുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ചിലവുകളുടെ ഭാഗിക പിന്തുണ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്.
രണ്ടാമത്തെ ഘടകമായ റേയാദ അക്കാദമി, സിദ്ധാന്തപരമായ അറിവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച പ്രത്യേക പരിശീലന പരിപാടികളാണ് നൽകുന്നത്. ബിസിനസ് മോഡൽ വികസനം, പ്രവർത്തന മികവ്, മാനേജ്മെന്റ് കാര്യക്ഷമത, മാർക്കറ്റിംഗ്–വിൽപ്പന, സാമ്പത്തിക ആസൂത്രണം, ഗവർണൻസ് എന്നിവയിൽ സംരംഭകരെ പ്രാപ്തരാക്കുന്നതാണ് ലക്ഷ്യം.
സമീപകാലത്ത് ആരംഭിച്ച ഫിനാൻഷ്യൽ ലിറ്ററസി പ്രോഗ്രാം റേയാദ അക്കാദമിയിലേക്ക് ഉൾപ്പെടുത്തിയതും, കൂടുതൽ പ്രത്യേക പരിശീലനങ്ങൾ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്നും QDB അറിയിച്ചു.
റേയാദ പോർട്ടൽ ആരംഭിച്ചത് ഖത്തറിലെ ദേശീയ സംരംഭക പരിസ്ഥിതിയെ മുന്നോട്ട് നയിക്കുന്നതിൽ ഒരു പ്രധാന മൈൽസ്റ്റോണാണെന്ന് QDB വ്യക്തമാക്കി. അറിവ്, ധനസഹായം, ഉപദേശം, പരിശീലനം എന്നിവയെ ഏകീകൃത ഡിജിറ്റൽ വേദിയിലാക്കുന്നതിലൂടെ, ഖത്തറിന്റെ മത്സരക്ഷമവും വൈവിധ്യമാർന്നതുമായ അറിവ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ശക്തമായ പിന്തുണ നൽകും.











