
ദോഹ: സ്പെയിനിലെ സെവില്ലിൽ നടന്നുകൊണ്ടിരിക്കുന്ന നാലാമത് അന്താരാഷ്ട്ര വികസന ധനസഹായ സമ്മേളനത്തി (FFD4)ൽ പങ്കാളിത്തം വഹിച്ച് ഖത്തർ. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദാണ് സെഷനിൽ ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്.
വികസനത്തിനുള്ള ധനസഹായം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ (യുഎൻ) മേൽനോട്ടത്തിലാണ് സമ്മേളനം. മുൻ മൂന്ന് അന്താരാഷ്ട്ര സമ്മേളനങ്ങളിലെ കരാറുകളും പ്രതിബദ്ധതകളും ശക്തിപ്പെടുത്തിക്കൊണ്ടാണ് നാലാമത് സമ്മേളനംനടക്കുന്നത്.
വികസന ധനസഹായത്തിനുള്ള അടിസ്ഥാന തത്വങ്ങൾ സ്ഥാപിക്കപ്പെട്ട 2002 ൽ മെക്സിക്കോയിലെ മോണ്ടെറിയിലാണ് പ്രഥമ സമ്മേളനം നടന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും 2008 ൽ രണ്ടാമത്തെ സമ്മേളനത്തിന് ദോഹയാണ് വേദിയായത്.
വികസ്വര രാജ്യങ്ങളിലെ പ്രതിസന്ധിയുടെ ആഘാതം അഭിസംബോധന ചെയ്യുന്നതിൽ പ്രത്യേക പ്രാധാന്യം നൽകുന്നതായിരുന്നു ദോഹ സമ്മേളനം.
2015 ൽ എത്യോപ്യയിലെ അഡിസ് അബാബയിൽ നടന്ന മൂന്നാമത്തെ സമ്മേളനം, സുസ്ഥിര വികസനത്തിന് ധനസഹായം നൽകുന്നതിനുള്ള സമഗ്ര ചട്ടക്കൂടായ അഡിസ് അബാബ ആക്ഷൻ അജണ്ടയ്ക്ക് രൂപം നൽകി.











