
ദോഹ: മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സംഘർഷങ്ങൾ പടരുന്നത് തടയുന്നതിനുമായി ഖത്തർ തങ്ങളുടെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി അറിയിച്ചു. ഇറാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായും മറ്റ് അറബ്പങ്കാളികളുമായും ഖത്തർ അമീറും പ്രധാനമന്ത്രിയും നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്ന ഉറച്ച നിലപാടിലാണ് ഖത്തർ. പ്രധാനമന്ത്രി അടുത്തിടെ നടത്തിയ ടെഹ്‌റാൻ സന്ദർശനം ഇതിന്റെ ഭാഗമാണ്.ഗാസയിൽ വെടിനിർത്തൽ നിലനിർത്തുന്നതിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുമാണ് ഖത്തർ ഇപ്പോൾ മുൻഗണന നൽകുന്നത്. റഫ അതിർത്തി പൂർണ്ണമായും തുറക്കണമെന്നും രോഗികളായ 20,000-ത്തോളം പേരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷം ഒഴിവാക്കാൻ ഇറാനും അമേരിക്കയുമായും നിരന്തരം ചർച്ചകൾ നടക്കുന്നുണ്ട്. സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്ന് ഖത്തർ വിശ്വസിക്കുന്നു.ഖത്തറിനെതിരെ ഇസ്രായേലിലെ ചില നേതാക്കൾ നടത്തുന്ന പരാമർശങ്ങളെ ഖത്തർ കാര്യമാക്കുന്നില്ല. അന്താരാഷ്ട്ര നിയമങ്ങളിലും മാനുഷിക തത്വങ്ങളിലും അധിഷ്ഠിതമായാണ് ഖത്തറിന്റെ പ്രവർത്തനങ്ങളെന്ന് അൽ അൻസാരി വ്യക്തമാക്കി. ഫലസ്തീൻ പ്രശ്നത്തിൽ 'ദ്വിരാഷ്ട്ര പരിഹാര'ത്തിനാണ് (Two-State Solution) ഖത്തർ പിന്തുണ നൽകുന്നത്.











