02:53am 20 August 2026
NEWS
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നു: ഡോ. മജീദ് അൽ അൻസാരി
18/08/2026  08:48 PM IST
nila
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നു: ഡോ. മജീദ് അൽ അൻസാരി

ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും വെടിനിർത്തൽ പുനഃസ്ഥാപിച്ച് ചർച്ചകളിലേക്ക് വഴിതുറക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഖത്തർ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാരന്ത്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ഹോർമുസ് കടലിടുക്ക് തുറന്നുനൽകാനും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനും എല്ലാ കക്ഷികളും ചർച്ചകളിലേക്ക് തിരിച്ചെത്താനുമുള്ള അന്തരീക്ഷം ഒരുക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം നയതന്ത്രവും സംഭാഷണവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കുമ്പോൾ തന്നെ സ്വന്തം ജനങ്ങളെയും പരമാധികാരത്തെയും സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. മേഖലയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ നേരിടാനും സുരക്ഷ ഉറപ്പാക്കാനും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
​ഗസ്സയിലെ സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ച ഡോ. അൽ അൻസാരി, വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കേണ്ടതിന്റെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതി വേഗത്തിലാക്കേണ്ടതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. വെടിനിർത്തൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രായേൽ ഭാഗത്തുനിന്ന് ഇപ്പോഴും വീഴ്ച സംഭവിക്കുന്നുണ്ടെന്നും, സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഖത്തർ ഇടപെടൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img