
ദോഹ: ചൈനയിലെ ഷാങ്ഹായിൽ നടന്ന 67-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ (IMO 2026) ഖത്തറിന് അഭിമാന നേട്ടം. ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരത്തിൽ ഖത്തറി വിദ്യാർത്ഥിയായ ലൈത്ത് തുവൈർ (Laith Tuwair) ഓണററി സർട്ടിഫിക്കറ്റ് (Honorary Certificate) കരസ്ഥമാക്കി.
ജൂലൈ 10 മുതൽ 21 വരെ ഷാങ്ഹായിൽ നടന്ന മത്സരത്തിൽ 121-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളായ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രയാസമേറിയതുമായ ശാസ്ത്രീയ മത്സരങ്ങളിലൊന്നാണിത്. വിദ്യാർത്ഥികളടങ്ങുന്ന ടീമാണ് ഇത്തവണ ഖത്തറിനെ പ്രതിനിധീകരിച്ചത്. അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഖത്തറിന്റെ രണ്ടാമത്തെ പങ്കാളിത്തമാണിത് (2025-ലായിരുന്നു അരങ്ങേറ്റം).അന്താരാഷ്ട്ര നിലവാരത്തിലുള്ള തീവ്ര പരിശീലന ക്യാമ്പുകളിലൂടെയും അക്കാദമിക് വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുമാണ് ഖത്തർ സംഘം മത്സരത്തിനായി സജ്ജരായത്.ഖത്തറി വിദ്യാർത്ഥികളുടെ വിശകലന ശേഷിയും ഗണിതശാസ്ത്ര ചിന്താശേഷിയും തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിജയിച്ച ലൈത്ത് തുവൈറിനെയും ടീമംഗങ്ങളെയും മന്ത്രാലയം അഭിനന്ദിച്ചു.










