
ബീജിംഗ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി ബീജിംഗിൽ ചൈനീസ് പ്രീമിയർ ലി ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തിക രംഗം, നിക്ഷേപം, വാണിജ്യം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ പ്രധാനപ്പെട്ട സമകാലിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
രണ്ടു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങളും താല്പര്യങ്ങളും മുൻനിർത്തി ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിശാലമായ തലങ്ങളിലേക്ക് ഉയർത്താനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി.











