
കെയ്‌റോ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ വെച്ചായിരുന്നു ഉച്ചകോടി.
അറബ് ലീഗ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട നബീൽ ഫഹ്മിയെ ഖത്തർ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ദൗത്യത്തിൽ അദ്ദേഹത്തിന് പൂർണ്ണ വിജയമുണ്ടാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി, അറബ് ജനതയുടെ സുരക്ഷയും വികസനവും ഉറപ്പാക്കാൻ അറബ് ലീഗുമായുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും വ്യക്തമാക്കി.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ അയവുവരുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ഇടപെടലുകൾ ചർച്ച ചെയ്തു.ഗാസ മുനമ്പിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ രൂക്ഷമായ സാഹചര്യങ്ങൾ ഇരുനേതാക്കളും വിശദമായി വിലയിരുത്തി.അറബ് രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി സഹകരണവും പൊതു താല്പര്യമുള്ള മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.










