
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ബലിപെരുന്നാൾ ആശംസകൾ കൈമാറുകയും ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.അബൂദബി ഖസ്ർ അൽ ബഹ്ർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.
വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും അവലോകനം ചെയ്യുകയും സമീപകാല സംഭവവികാസങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. കൂടിക്കാഴ്ചയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.അബൂദബിയിലെ അൽ ബതീൻ വിമാനത്താവളത്തിൽ എത്തിയ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെ അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാനും നിരവധി ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.











