
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയും ഈജിപ്ഷ്യൻ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. ബദർ അബ്ദുൽ അതിയും തമ്മിൽ ഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം പ്രാദേശിക സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള മധ്യസ്ഥശ്രമങ്ങൾ ഒകോപിപ്പിക്കുന്നതിനെക്കുറിച്ചും ഫോൺ സംഭാഷണത്തിൽ ചർച്ചയായി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിലവിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രതിസന്ധിയുടെ ആഴത്തിലുള്ള കാരണങ്ങൾ പരിഹരിക്കാൻ ഇത് വഴിതുറക്കുമെന്നും, വീണ്ടുമൊരു സംഘർഷാവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്ന ശാശ്വതമായ കരാറിലേക്ക് എത്തിച്ചേരാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.











