
ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയും തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാനും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി.
ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും, മേഖലയിൽ സുസ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമാണ് പ്രധാനമായും ചർച്ചാവിഷയമായത്.മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന പുതിയ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും, ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരങ്ങൾക്ക് ഖത്തറിന്റെ ഭാഗത്തുനിന്നുള്ള നയതന്ത്ര പിന്തുണ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.










